യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന ‘റിയല്‍ ലൈഫ് ചാര്‍ളി’ എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത്. യാത്രകളോടും സാഹസികതയോടുമെല്ലാം വലിയ താൽപ്പര്യമാണ് പ്രണവിന്. പാർക്കൗർ, സർഫിങ്ങ്, മലകയറ്റം എന്നിവയിലെല്ലാം പ്രത്യേക പരിശീലനം നേടിയ പ്രണവ് തന്റെ സാഹസിക വീഡിയോകളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ഒരു മലമുകളിൽ നിന്നുള്ള ചിത്രമാണ് പ്രണവ് ഷെയർ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ മുഖം വ്യക്തമല്ല ചിത്രത്തിൽ. സ്പെയിനിൽ നിന്നും പകർത്തിയതാണ് ഈ ചിത്രം.
ഒരു ചിത്രം അയർലാൻഡിൽ നിന്നുള്ളതാണേൽ അടുത്തത് സ്പെയിനിൽ നിന്ന്, ഇതങ്ങനെ ഒരു മനുഷ്യൻ! എന്നിങ്ങനെ പോവുന്നു ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ.
അടുത്തിടെ സ്ലാക് ലൈനിലൂടെ ശരീരം ബാലൻസ് ചെയ്തു നടക്കുന്നതിന്റെ വീഡിയോയും ഷെയർ ചെയ്തിരുന്നു. ശ്രദ്ധയോടെയും ഏകാഗ്രതയോടെയും കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാവുക. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘ബാക്കി ഉള്ളവന്മാർ എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്പോ ഇവിടെ ഒരാൾ, ഏത് മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു’, ‘ചേട്ടനു ജംബോ സർക്കസിൽ ട്രൈ ചെയ്തുകൂടെ?’ എന്നിങ്ങനെ പോവുന്നു കമന്റുകൾ. പ്രണവിന്റെ ബോഡി ബാലൻസിംഗിനെ അനുമോദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയ’ത്തിലാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകർ പ്രണവിനെ കണ്ടത്. കല്യാണി പ്രിയദർശനും ദർശനയുമായിരുന്നു ചിത്രത്തിലെ നായികമാർ.