പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ചിത്രീകരണം ആരംഭിച്ചു.  കാഞ്ഞിരപള്ളിയിലാണ് ആദ്യ ഷെഡ്യൂള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്‌.

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

 

മോഹൻലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ൽ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’. ‘സാഗർ ഏലിയാസ് ജാക്കി’ എന്ന മോഹൻലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. 31 വർഷങ്ങൾക്കുശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് എത്തുമ്പോൾ അത് ഒരു ഡോണിന്റെ കഥയല്ലെന്ന് എടുത്തു പറയേണ്ടതാണ്. പേരിൽ മാത്രമേ സിനിമയ്ക്ക് മോഹൻലാലിന്റെ സിനിമയുമായി സാമ്യമുളളൂ.

Read More: ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടു’മായി പ്രണവ് മോഹൻലാൽ

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ ഇതൊരു ഡോൺ സ്റ്റോറിയല്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ സംഘട്ടനം സൂപ്പർ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌നാണ്. അതിനാൽ തന്നെ സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നതിൽ സംശയം വേണ്ട.

ക്യാമറ അഭിനന്ദൻ രാമാനുജൻ. സംഗീതം ഗോപി സുന്ദറിന്റേതാണ്. എഡിറ്റിങ് വിവേക് ഹർഷനാണ്.

ആദ്യ ചിത്രമായ ‘ആദി’യില്‍ തന്നെ കൈയ്യടി നേടിയ പ്രകടനമായിരുന്നു പ്രണവിന്റേത്. ചിത്രം സമ്മിശ്ര പ്രതികരണം നേടിയപ്പോള്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

“നിങ്ങളെ പോലെ എനിക്കും ഏറെ സന്തോഷം പകരുന്ന ഒരു വാര്‍ത്ത നിങ്ങളോട് പങ്കു വയ്ക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് മുളകുപ്പാടം ഫിലിംസാണ്. ‘രാമലീല’ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ജൂണ്‍ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”, പുതിയ ചിത്രമായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ പ്രഖ്യാപിച്ച് കൊണ്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം പറഞ്ഞു.

ചിത്രങ്ങള്‍. ഇന്‍സ്റ്റാഗ്രാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook