സിനിമാപ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ- അറബിക്കടലിന്റെ സിംഹ’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ കഥാപത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം.
കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത നേരത്തെ എത്തിയിരുന്നു. എന്നാൽ സിനിമയിൽ ഇരുവരും ഒന്നിച്ചുള്ള ഒരു ഫൊട്ടോയാണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ ആഘോഷിക്കുന്നത്. നൃത്തരംഗത്തിൽ നിന്നുള്ള ഒരു ഫൊട്ടോയാണെന്നാണ് ആദ്യ നോട്ടത്തിൽ മനസിലാക്കുന്നത്. എന്തായാലും അപ്പുചേട്ടനും (പ്രണവ് മോഹൻലാൽ) കല്ല്യണികുട്ടിയും (കല്ല്യാണി പ്രിയദർശൻ) സ്ക്രീനിൽ ഒന്നിച്ചുവരാൻ കാത്തിരിക്കുകയാണ് ആരാധകരും.
This is vera level #Appuvetttan @impranavlal from the upcoming biggie #Marakkar Arabikadalinte Simham.
Unmatchable since his first entry.#RajavinteMakan (Prince) pic.twitter.com/jctelqLHGl
— Mohanlal Fans Kerala (@LalettanFansKL) January 10, 2019
നൂറുകോടി മുതൽമുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. ഇരുവർക്കും പുറമെ കീർത്തി സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നത്. കല്യാണിയെ കൂടാതെ സഹോദരൻ സിദ്ധാർത്ഥും ‘മരക്കാറി’ൽ അസോസിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സാൻഫ്രാൻസിക്കോയിൽ നിന്നും വിഷ്വൽ ഇഫക്റ്റ് കോഴ്സ് ഫിനിഷ് ചെയ്ത് അച്ഛന്റെ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് സിദ്ധാർത്ഥും.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.