അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രകാശ് രാജ്. ഇരുവറിലെ ഒരു കഥാപാത്രമായാണ് അദ്ദേഹത്തെ ആദ്യമറിയുന്നതെന്നും ഇരുവറിലൂടെ കലൈജ്ഞറെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചുവെന്നും പ്രകാശ് രാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
”ഉദയസൂര്യൻ മറയുന്നു! തമിഴരുടെ അഭിമാന സ്വരവും സാമൂഹിക വിപ്ലവകാരിയുമായ കലൈജ്ഞർക്ക് ആദരാജ്ഞലികൾ. ഇരുവറിലെ ഒരു കഥാപാത്രമായാണ് അദ്ദേഹത്തെ ആദ്യമറിയുന്നത്. ഇരുവറിലൂടെ കലൈജ്ഞറെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. ആ ജീവിതം പകർന്നാടാനുള്ള ഭാഗ്യവും ലഭിച്ചു. നേരിൽ കാണാനും അദ്ദേഹത്തിന്റെ സ്നേഹോഷ്മളതകൾ അനുഭവിക്കാനും സാധിച്ചിരുന്നു. ആ ആക്ഷേപഹാസ്യം നിറഞ്ഞ തമാശകളും ചിരിയും വ്യത്യസ്തമായിരുന്നു. വിൽ മിസ്സ് യു ചീഫ്!” ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രകാശ് രാജ് പറയുന്നു.
കരുണാനിധി-എംജിആര്‍ എന്നിവരുടെ രാഷ്ട്രീയ ജീവിതങ്ങളെയും സൗഹൃദത്തേയും കുറിച്ച് മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുവര്‍’. എംജിആര്‍ ആയി വേഷമിട്ടത് മോഹന്‍ലാല്‍ ആയിരുന്നു, കരുണാനിധിയായി അഭിനയിച്ചത് പ്രകാശ് രാജും.
നേരത്തെ മമ്മൂട്ടിയും ഇരുവർ ചിത്രത്തെക്കുറിച്ച് അനുശോചനക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. “നികത്താനാവാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്, വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും സ്നേഹിച്ച മനസ്സിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഃഖിക്കുന്നു”, എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.