/indian-express-malayalam/media/media_files/uploads/2019/04/Prakash-Raj.jpg)
ഒരു ആരാധികയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴുണ്ടായ മോശം അനുഭവം പങ്കുവച്ച് നടന്‍ പ്രകാശ് രാജ്. കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വച്ചാണ് സംഭവം ഉണ്ടായതെന്ന് പ്രകാശ് രാജ് തന്റെ ട്വിറ്റർ പേജിലൂടെ വ്യക്തമാക്കി. ഒരു യുവതി കുഞ്ഞിനേയും കൂട്ടി തന്റെ കൂടെ ഫോട്ടോ എടുക്കാന്‍ വന്നതായി പ്രകാശ് രാജ് പറഞ്ഞു. കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്ന് യുവതി അഭ്യർഥിച്ചപ്പോള്‍ സമ്മതിച്ചു. എന്നാല്‍ ഫോട്ടോ എടുത്തതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇടപെട്ടെന്നും പ്രകാശ് രാജ് പറയുന്നു. തന്നോടൊപ്പം ചിത്രം എടുത്തതിന് യുവതിയെ ഭര്‍ത്താവ് ശകാരിച്ചതായും പ്രകാശ് രാജ് വ്യക്തമാക്കി.
'ഫോട്ടോ എടുത്തതിന് പിന്നാലെ അവരുടെ ഭര്‍ത്താവ് ഇടപെടുകയായിരുന്നു. അവരോട് ആ ചിത്രം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മോദിയെ എതിര്‍ത്തതാണ് കാരണം. ചുറ്റുമുളള സഞ്ചാരികളൊക്കെ നോക്കുന്നുണ്ടായിരുന്നു. ആ യുവതി കരയുകയായിരുന്നു അപ്പോള്‍. ഞാന്‍ അയാളെ വിളിച്ച് സംസാരിച്ചു. നിങ്ങൾ ഈ യുവതിയെ വിവാഹം ചെയ്തതിനും സുന്ദരിയായ ഒരു കുട്ടിയെ തന്നതിനും കാരണക്കാര്‍ ഞാനോ മോദിയോ അല്ല. നിങ്ങളുടെ വീക്ഷണങ്ങളെ അവര്‍ ബഹുമാനിക്കും പോലെ നിങ്ങളും തിരിച്ച് ബഹുമാനിക്കണം. നിങ്ങളുടെ അവധിക്കാലം നന്നായി ആഘോഷിക്കൂ,' പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
A moment in Kashmir... Why do we HURT the ones we LOVE for someone else ?? Why do we HATE because we differ ?? #justaskingpic.twitter.com/RurmY369Kd
— Prakash Raj (@prakashraaj) June 15, 2019
Read More: ഇത് അഭിനയമല്ല; രാഷ്ട്രീയത്തിലേക്കുള്ള യാത്രയെ കുറിച്ച് പ്രകാശ് രാജ്
ഇതും പറഞ്ഞ് താന്‍ നടന്ന് പോയെന്നും അവരുടെ മുറിവ് അയാള്‍ക്ക് ഉണക്കാന്‍ കഴിയുമോ എന്നുമാണ് താന്‍ ആശങ്കപ്പെടുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി. മോദിയുടെ വിമര്‍ശകനായ പ്രകാശ് രാജ് കർണാടകയിലെ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പരാജിതനായിരുന്നു.
ജനുവരി 1നാണ് പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്കുളള പ്രവേശനം പ്രഖ്യാപിച്ചത്. പത്രിക പ്രഖ്യാപിക്കും മുമ്പേ അദ്ദേഹം പ്രചാരണവും ആരംഭിച്ചിരുന്നു. ബിജെപിക്കും സംഘപരിവാർ രാഷ്ട്രീയത്തിനുമെതിരെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിലുൾപ്പെടെ പ്രചാരണം നടത്തിയ പ്രകാശ് രാജിന് പുതിയ റോൾ പാളിപ്പോവുകയായിരുന്നു. പൊതിയുന്ന ആൾക്കൂട്ടവും ഫോട്ടോയെടുക്കലും വോട്ടാകുമെന്ന് തുടക്കത്തിൽ തന്നെ പ്രതീക്ഷ വച്ചെങ്കിലും തോല്‍ക്കുകയായിരുന്നു. തന്റെ മുഖത്തേറ്റ അടിയാണ് ഈ പരാജയമെന്നാണ് തോല്‍വിക്ക് ശേഷം അദ്ദേഹം പ്രതികരിച്ചത്.
"എന്റെ കരണത്തേറ്റ ശക്തമായ അടി. കൂടുതൽ അധിക്ഷേപങ്ങളും, ട്രോളും, അവമതിയും എന്റെ വഴിയേ വരുമായിരിക്കും. പക്ഷെ ഞാൻ എന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഉറച്ചു നിൽക്കും. മതേതര ഇന്ത്യക്കായുളള എന്റെ പോരാട്ടം തുടരും. മുന്നോട്ടുള്ള കഠിന യാത്ര തുടങ്ങിയിട്ടേയുള്ളൂ. എനിക്കൊപ്പം ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്.", പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.