scorecardresearch

ഞങ്ങൾ കുത്തക സൃഷ്ടിച്ചിട്ടുണ്ട്, അത് പുതിയ ആളുകൾക്ക് അവസരം നൽകില്ല, ഞങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമാണിത്: പ്രകാശ് രാജ്

"എന്നെപ്പോലുള്ള, കോടിക്കണക്കിനാളുകളിൽ ചിലർക്ക് മാത്രമേ കൃത്യമായ മെന്റേഴ്സിനെ കണ്ടെത്താനാകൂ. ഞാൻ കെ ബാലചന്ദറിനെ കണ്ടെത്തി. അത് ഞാൻ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു."

"എന്നെപ്പോലുള്ള, കോടിക്കണക്കിനാളുകളിൽ ചിലർക്ക് മാത്രമേ കൃത്യമായ മെന്റേഴ്സിനെ കണ്ടെത്താനാകൂ. ഞാൻ കെ ബാലചന്ദറിനെ കണ്ടെത്തി. അത് ഞാൻ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു."

author-image
Entertainment Desk
New Update
Prakash Raj

(ചിത്രം : പ്രകാശ് രാജ്/ഇന്സ്റ്റഗ്രാം)

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിരവധി ചിത്രങ്ങളിലൂടെ മികവു തെളിയിച്ച അഭിനേതാവാണ് പ്രകാശ് രാജ്. താരത്തിന്റെ ഉറച്ച നിലപാടുകൾ പലപ്പോഴും വിവാദങ്ങളായി മാറിയിട്ടുണ്ട്.  തന്റെ കാഴ്ചപ്പാടുകളും എതിർപ്പുകളും തുറന്നു പറയാൻ പ്രകാശ് രാജ് മടി കാണിക്കാറില്ല. കഴിഞ്ഞ ദിവസം ചലച്ചിത്ര മേഖലയെക്കുറിച്ച് പ്രകാശ് രാജ് നടത്തിയ പ്രസ്താവനകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

ചലച്ചിത്ര മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്ന തുടക്കക്കാർ സ്വീകരിക്കേണ്ട എന്തെങ്കിലും പ്രത്യേക കോഡുകളുണ്ടോ എന്ന ചോദ്യത്തിന്, സത്യസന്ധമായ ഇടപാടുകളൊന്നും ഇല്ലാത്തതിനാൽ ആർക്കും അതിന് ഉത്തരമില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

"നിങ്ങൾ സിനിമയിൽ എത്താൻ യോഗ്യനാണ് എന്ന് നിങ്ങളോട് ആര് പറയും? നിങ്ങൾ വേണ്ടത്ര യോഗ്യനാണെന്ന് ആരെങ്കിലും മനസിലാക്കി തരുമോ?  നിങ്ങളെ തയ്യാറാക്കിയെടുക്കുമോ?  അതിനായി വാർത്തെടുക്കുമോ?. നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്, നിങ്ങൾ സിനിമയിൽ എവിടെ എത്തണമെന്ന് അല്ലെങ്കിൽ എങ്ങനെ മറ്റുള്ളവരെപ്പോലെ ജനപ്രിയനാകണമെന്ന്. നിങ്ങളുടെ അജണ്ട എന്താവണമെന്ന്?" 

"എന്നെപ്പോലുള്ള, കോടിക്കണക്കിനാളുകളിൽ ചിലർക്ക് മാത്രമേ കൃത്യമായ മെന്റേഴ്സിനെ കണ്ടേത്താനാകു. ഞാൻ കെ ബാലചന്ദറിനെ കണ്ടെത്തി. അത് ഞാൻ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. അതിൽ എല്ലാ ക്രെഡിറ്റും എനിക്കു തന്നെയാണ്, കാരണം ഞാൻ എനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ചു. എനിക്ക് ലഭിച്ചിരുന്ന ഓരോ അവസരങ്ങളും ഓരോ വേദികളും എനിക്ക് അടുത്ത 10 സിനിമ നൽകുമോ എന്ന് ഞാൻ ചിന്തിക്കും."

Advertisment

"എന്നെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയർ പ്ലേ ഇല്ലാത്തത്, ഞങ്ങൾ ഒരു കുത്തക സൃഷ്ടിച്ചിട്ടുണ്ട്. അത് പുതിയ ആളുകൾക്ക് അവസരം കൊടുക്കില്ല. കാരണം അത് ഞങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമാണ്. കൂടാതെ, സംവിധായകരും എഴുത്തുകാരും പറയും, ‘നമുക്ക് ഒരു റെഡിമെയ്ഡ് ആക്ടർ ഉള്ളപ്പോൾ, എന്തിന് മറ്റൊരാളെ കണ്ടെത്തണം, ഞങ്ങൾ അദ്ദേഹത്തിന് കൂടുതൽ പണം നൽകും, കുറച്ച് സിനിമകൾ നൽകും,'” പ്രകാശ് രാജ് കൂട്ടിച്ചേർത്തു. 

എന്നാൽ ഒടിടി വളർന്നതോടെ കാര്യങ്ങളൊക്കെ മാറിയെന്നാണ് പ്രകാശ് പറയുന്നത്.  “ആളുകൾ ഇപ്പോൾ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നത്. നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുകയാണ്. പക്ഷേ, വൻകിട കമ്പനികൾ അതിലേക്ക് ചുവടുവെക്കുന്നതോടെ അതും ഒടുവിൽ കുത്തകയാകുകയാണ്. ഓരോ തവണയും സുതാര്യമായ സംവിധാനം വരുമ്പോൾ, മനുഷ്യർ അതിനെ കുത്തകയാക്കാനുള്ള വഴികൾ കണ്ടെത്തുന്നു. വലിയ പണമിടപാടു നടക്കുന്നതിനാൽ, ഒന്നും അറിയാത്ത ആളുകൾ പോലും ഏത് തിരക്കഥ വേണമെന്നും, ഏത് അഭിനേതാക്കൾ വേണമെന്നും തീരുമാനിക്കുന്നു." അദ്ദേഹം പറഞ്ഞു. 

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ: II എന്ന ചിത്രത്തിലാണ് പ്രകാശ് രാജ് അവസാനമായി അഭിനയിച്ചത്. ഗുണ്ടൂർ കാരം, പുഷ്പാ 2 തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്നത്. 

Prakash Raj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: