Latest News

ആരോടും വെറുപ്പില്ല, പക്ഷേ മനുഷ്യത്വവിരുദ്ധമായ കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കും: പ്രകാശ് രാജ്

ആരോടും വെറുപ്പില്ല. പക്ഷേ മനസ്സാക്ഷി എന്നൊന്നുണ്ട്. മനുഷ്യത്വവിരുദ്ധമായ കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കും

Prakash Raj

മണിരത്നം സിനിമകളിലേക്ക് അഭിനയിക്കാന്‍ ക്ഷണിക്കുമ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ ചിത്രത്തിന്റെ കഥയോ താന്‍ അവതരിപ്പിക്കേണ്ട കഥാപാത്രമോ എന്താണ് എന്ന് ചോദിക്കാറില്ല, ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങും, എത്ര ദിവസത്തെ ഡേറ്റ് വേണം എന്ന് മാത്രമാണ് ചോദിക്കാറ് എന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. ഇരുവരും ഒന്നിക്കുന്ന ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തിന്റെ പ്രോമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബോംബെ’ എന്ന മണിരത്നം ചിത്രത്തില്‍ കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് രാജ്, പിന്നീട് ‘ഇരുവര്‍’, ‘ഓ കെ കണ്മണി’ എന്നീ മണിരത്നം സിനിമകളിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Mohanlal Prakash Raj Maniratnam Iruvar featured
Mohanlal Prakash Raj Maniratnam Iruvar featured

“മണിരത്നം എന്ന സംവിധായകന്‍ എനിക്ക് വളരെ സ്പെഷ്യല്‍ ആണ്. എന്റെ ‘കംഫര്‍ട്ട് സോണി’നില്‍ നിന്നും പുറത്തേക്കു വരാന്‍ എന്നും എന്നെ പ്രേരിപ്പിച്ചിട്ടുള്ള ആളാണ് അദ്ദേഹം. മണിരത്നം ഒരിക്കലും ഒരു നടനെയോ നടിയെയോ മനസ്സില്‍ കണ്ടു കൊണ്ട് ഒരു കഥാപാത്രം എഴുതില്ല. തന്റെ കഥാപാത്രങ്ങള്‍ക്ക് പറ്റിയ അഭിനേതാക്കളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു സിനിമ വരുമ്പോള്‍, എനിക്ക് അതില്‍ ഒരു കഥാപാത്രം ഉണ്ടാവുമോ, ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും ‘എക്സൈറ്റ്’ ചെയ്യിക്കുന്നുണ്ടോ എന്നൊക്കെയുള്ള തോന്നലുകള്‍ ഉണ്ടാകാറുണ്ട്”, ബിഹൈന്‍ഡ്‌ വുഡ്സ് പോര്‍ട്ടലുമായുള്ള അഭിമുഖത്തില്‍ പ്രകാശ് രാജ് പറയുന്നു.

ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ്‌ ടാക്കീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ സേനാപതി എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്‌. ജയസുധ, അരവിന്ദ് സ്വാമി, ജ്യോതിക, അരുണ്‍ വിജയകുമാര്‍, ഐശ്വര്യ രാജേഷ്‌, സിമ്പു, വിജയ് സേതുപതി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. മൂന്ന് ആണ്‍മക്കള്‍ അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ തലവനാണ് സേനാപതി. മാഫിയാ ഡോണ്‍, രാഷ്ട്രീയക്കാരുടെ സുഹൃത്ത്‌, ബിസിനസ്‌ മാന്‍, റിയല്‍ എസ്റ്റേറ്റ്‌ രാജാവ്, റോബിന്‍ഹുഡ് എന്നിങ്ങനെ പല വിശേഷണങ്ങളും നല്‍കുന്നുണ്ട് ഈ കഥാപാത്രത്തിന്. ഇതില്‍ ആരാണ് ഇയാള്‍ എന്ന അന്വേഷണമാണ് ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രം.

Read More: ഗോഡ്ഫാദറോ മഹാഭാരതമോ?: ആകാംഷയുണര്‍ത്തി മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ ട്രെയിലര്‍

മണിരത്നം മാത്രമല്ല തന്റെ ഗുരുനാഥനായ കെ ബാലചന്ദര്‍, കൃഷണവംശി, രാധാമോഹന്‍ എന്നിവരും തനിക്കേറെ ബഹുമാനമുള്ള സംവിധായകരാണ് എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

“അഭിനയത്തെ ഒരു ‘ലേര്‍ണിംഗ് പ്രോസസ്’ ആയി കാണാനാണ് എനിക്കിഷ്ടം. മറ്റാരോ വരയ്ക്കുന്ന പെയിന്റിംഗിലെ ഒരു നിറം മാത്രമാണ് നിങ്ങള്‍. ആ നിറം എത്രത്തോളം ഉപയോഗിക്കണം, ഏതു ആംഗിളില്‍ വരയ്ക്കണം എന്നൊക്കെ സംവിധായകനാണ് തീരുമാനിക്കുക. പക്ഷേ അതിലൂടെ നിങ്ങളിലെ നടന് പുതിയൊരു ദിശയിലേക്ക് വളരാന്‍ കഴിയും”, മണിരത്നത്തിന്റെ ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ മുന്‍ ഡി എം കെ തലവനും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ വേഷം അവതരിപ്പിച്ച പ്രകാശ് രാജ് പറയുന്നു.

തമിഴക രാഷ്ട്രീയത്തെ ഗതിമാറ്റിയൊഴുക്കിയ കരുണാനിധി-എം ജി ആര്‍ കൂട്ടുകെട്ടിനെക്കുറിച്ചും പിന്നീട് അവര്‍ തമ്മില്‍ ഉണ്ടായ അകല്‍ച്ചയില്‍ നിന്നും വീണ്ടും ഗതിമാറിയൊഴുകിയ തമിഴക രാഷ്ട്രീയത്തെക്കുറിച്ചുമാണ് ‘ഇരുവര്‍’ പ്രതിപാദിക്കുന്നത്.  കരുണാനിധിയായി പ്രകാശ്‌ രാജ് എത്തിയപ്പോള്‍ എം ജി ആറിന്റെ വേഷം മോഹന്‍ലാല്‍ അഭിനയിച്ച് അനശ്വരമാക്കി.  ലോകസുന്ദരി ഐശര്യാ റായ് ആദ്യമായി സിനിമാ ക്യാമറയ്ക്ക് മുന്നില്‍ എത്തിയതും ഈ ചിത്രത്തിലൂടെയാണ്.  ജയലളിതയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിച്ചത്.

Read More: മണിരത്നം സിനിമകളുടെ പേരും പൊരുളും

അഭിനയം കൂടാതെ സിനിമാ നിര്‍മ്മാണത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചിട്ടുള്ളയാളാണ് പ്രകാശ് രാജ്. ഈ മൂന്നില്‍ ഏതു റോളിനോടാണ് ഭ്രമമുള്ളത് എന്ന ചോദ്യത്തിന് തനിക്ക് ജീവിതത്തോടാണ് ഭ്രമം എന്നും താരം മറുപടി പറഞ്ഞു.

“ജീവിതത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കിഷ്ടമുള്ളതും മനസാക്ഷിയ്ക്ക് ബോധിക്കുന്നതുമായ കാര്യങ്ങളുമാണ് ചെയ്യുന്നത്”, രാഷ്ട്രീയവിഷയങ്ങളിളെല്ലാം സജീവമായി ഇടപെടുന്ന ആ കലാകാരന്‍ വ്യക്തമാക്കുന്നു. സുഹൃത്തും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ മരണത്തോടെയാണ് താന്‍ സമൂഹത്തില്‍ കൂടുതലായി ഇടപെടലുകള്‍ നടത്തിത്തുടങ്ങിയത് എന്ന് മുന്‍പൊരിക്കല്‍ പറഞ്ഞ പ്രകാശ് രാജ് ‘ഗൗരിയുടെ മരണം ഒരു ‘വേക്കപ്പ് കാള്‍’ ആയിരുന്നു’ എന്ന് ഈ അഭിമുഖത്തിലും ആവര്‍ത്തിച്ചു.

“ആരോടും വെറുപ്പില്ല. പക്ഷേ മനസ്സാക്ഷി എന്നൊന്നുണ്ട്. മനുഷ്യത്വവിരുദ്ധമായ കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കും. മരണം കൊണ്ട് വരുന്ന സങ്കടത്തെ എങ്ങനെയെങ്കിലും മറികടക്കാം, പക്ഷേ ഒരു കൊലപാതകത്തെ അങ്ങനെ മറികടക്കാനാവില്ല”, പ്രകാശ് രാജ് വ്യക്തമാക്കുന്നു.

അല്‍ഷിമേര്‍സ് രോഗം ബാധിച്ച കഥാപാത്രമായി അഭിനയിക്കുന്ന ’60 വയത് മാനിറം’ എന്ന ചിത്രത്തെക്കുറിച്ചും പ്രകാശ് രാജ് സംസാരിച്ചു. താനും സംവിധായകന്‍ രാധാ മോഹനും ചേര്‍ന്ന് ബാംഗ്ലൂര്‍ നഗരത്തിലെ ഒരു വൃദ്ധ സദനത്തില്‍ ചെന്നതും അവിടെ
അല്‍ഷിമേര്‍സ് രോഗം ബാധിച്ചവരെ നേരില്‍ കണ്ട അനുഭവങ്ങളും അദ്ദേഹം പങ്കു വച്ചു.

“ഓര്‍മ്മ നശിച്ചു പോകുന്നതാണ് അല്‍ഷിമേര്‍സ് രോഗം. എനിക്കാണെങ്കില്‍ നല്ല ഓര്‍മ്മ ശക്തിയുണ്ട് താനും. അത് കൊണ്ട് തന്നെ ആ കഥാപാത്രത്തെ സ്വംശീകരിക്കുക എന്നത് വെല്ലുവിളിയായിരുന്നു”.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prakash raj maniratnam chekka chivantha vaanam iruvar mohanlal

Next Story
ആക്ഷനും കട്ടും പറയാൻ ഛായാഗ്രാഹകൻ പ്രിയൻpriyan-and-vijay-sethupathi
The moderation of comments is automated and not cleared manually by malayalam.indianexpress.com
X