/indian-express-malayalam/media/media_files/uploads/2018/02/jayasurya.jpg)
'ക്യാപ്റ്റന്‍' എന്ന ആദ്യ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്കുള്ള തന്‍റെ വരവറിയിച്ചിരിക്കുകയാണ് ജി. പ്രജേഷ് സെന്‍ എന്ന സംവിധായകന്‍. വി.പി സത്യന്‍ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്‍റെ ജീവിതം അഭ്രപാളിയിലേക്കു പകര്‍ത്തിക്കൊണ്ടാണ് മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രജേഷ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക്കിനെക്കുറിച്ച് പ്രജേഷ് ഐ ഇ മലയാളത്തോട്.
?ആദ്യ ചിത്രം തന്നെ ഒരു ബയോപിക്. അതും വി.പി സത്യനെ പോലെ, വേണ്ട മനസ്സിലാക്കാലോ അമ്ഗീകാരങ്ങളോ കിട്ടാതെ പോയ, ഐക്കണ്‍ അല്ലാത്ത ഒരാളുടെ ജീവിതം. റിസ്‌ക് ആയിരുന്നില്ലേ?
സത്യത്തില്‍ 'ക്യാപ്റ്റന്‍' രണ്ടാമതായി ചെയ്യണം എന്നാഗ്രഹിച്ച ചിത്രമാണ്. ആദ്യം ഒരു ചെറിയ സിനിമയിലൂടെ തുടങ്ങാം എന്നായിരുന്നു കരുതിയത്. എന്നാല്‍ ഇതിന്‍റെ തിരക്കഥയെല്ലാം നേരത്തേ പൂര്‍ത്തിയായിരുന്നു. പിന്നെ എന്തിനു വൈകിക്കണം എന്നു തോന്നി. എന്തായാലും ഞാനീ സിനിമ ചെയ്യുമായിരുന്നു. സിദ്ദീഖ് സാറിന്‍റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പരിചയവും ധൈര്യവും വച്ച് അങ്ങ് ഇറങ്ങി എന്നു പറയുന്നതാവും സത്യം.
വായിക്കാം: 'ക്യാപ്റ്റന്‍' സിനിമാ റിവ്യൂ
? വി.പി സത്യന്‍റെ ജീവിതം സിനിമയാക്കാം എന്നു തോന്നാന്‍ കാരണം? പ്രജേഷും ഫുട്‌ബോള്‍ പ്രേമിയാണോ?
ഒരുകാലത്ത് നാട്ടിന്‍പുറങ്ങളുടെ സ്വന്തം കായിക കലയായിരുന്നു ഫുട്‌ബോള്‍. ഞാനും അങ്ങനെ ജീവിച്ചു വളര്‍ന്നയാളാണ്. അന്നൊക്കെ റേഡിയോകളായിരുന്നു നമ്മുടെ പ്രധാന ആശ്രയം. വി.പി സത്യന്‍റെയും, ഷറഫലിയുടേയുമെല്ലാം പേരുകള്‍ അന്നു സ്ഥിരമായി കേട്ടിരുന്നു. കേട്ടു കേട്ട് ഉള്ളില്‍ നിറഞ്ഞ ആവേശമാണത്. പിന്നീട് മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യാന്‍ തുടങ്ങിയ കാലത്ത് വി.പി സത്യന്‍റെ ഭാര്യ അനിതാ സത്യനുമായി ഒരു അഭിമുഖം നടത്താന്‍ ഇടയായി. ആ സംസാരം വി.പി സത്യനെക്കുറിച്ചൊരു പുസ്തകം എന്ന ആലോചനയിലേക്കെത്തിച്ചു. പക്ഷെ കൂടുതല്‍ അദ്ദേഹത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഇതിലൊരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്നു തോന്നി. അങ്ങനെ സ്‌ക്രിപ്റ്റ് എഴുതി. തിരുത്തി. പലതവണ മാറ്റിയെഴുതി. അദ്ദേഹം ജീവിച്ച സ്ഥലങ്ങളിലേക്കു യാത്ര നടത്തി. പഴയ സുഹൃത്തുക്കളെ കണ്ടു സംസാരിച്ചു. ഒരു നാലഞ്ചു വര്‍ഷത്തെ കഷ്ടപ്പാടും അദ്ധ്വാനവുമുണ്ട് 'ക്യാപ്റ്റന്‍' എന്ന ചിത്രത്തിനു പുറകില്‍.
/indian-express-malayalam/media/media_files/uploads/2018/02/Jayasurya-Prajesh.jpg)
? മലയാളത്തിലിറങ്ങുന്ന ബയോപിക്കുകള്‍ പലപ്പോഴും നേരിടുന്ന വിമര്‍ശനം കഥാപാത്രങ്ങളുമായുള്ള രൂപസാദൃശ്യമില്ലായ്മയാണ്. എങ്ങനെയാണ് ജയസൂര്യയിലെത്തിയത്?
വി.പി സത്യന്‍റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്‍റെ ആദ്യ ആവശ്യം കഥാപാത്രത്തിനായി എന്തു റിസ്‌കും എടുക്കാന്‍ തയ്യാറാകുന്ന ഒരു നടനാകണം എന്നതായിരുന്നു. അതോടൊപ്പം ഇമോഷന്‍സിനെ നല്ലരീതിയില്‍ അവതരിപ്പിക്കാനും കഴിയണം. വി.പി സത്യനാകാന്‍ ഒരു ഫുട്‌ബോളറുടെ ശരീരപ്രകൃതി മാത്രം പോരാ. അദ്ദേഹത്തിന്‍റെ ജീവിതം കടന്നു പോകുന്ന അവസ്ഥകളെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം. അങ്ങനെയാണ് ജയസൂര്യയിലെത്തിയത്.
വായിക്കാം: ജയസൂര്യ അഭിമുഖം
'ഫുക്രി' എന്ന സിനിമയുടെ സെറ്റില്‍വച്ചു തന്നെ ജയേട്ടനേയും അനു സിതാരയേയും പരിചയമുണ്ടായിരുന്നു. അനിത ചേച്ചിയുടെ (അനിത സത്യന്‍) നല്ല മുഖഛായയുണ്ട് അനുവിന്. ആ കഥാപാത്രം അനു നന്നായി ചെയ്തിട്ടുമുണ്ട്.
? തൊണ്ണൂറുകളാണ് സിനിമയ്ക്ക് കൂടുതലും പശ്ചാത്തലമായിട്ടുള്ളത്. ആ കാലഘട്ടം റീ ക്രിയേറ്റ് ചെയ്യുക എന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു
തൊണ്ണൂറുകള്‍ എന്നു പറയുന്നത് ഇന്ത്യയിലെ ഫുട്‌ബോളിന്‍റെ സുവര്‍ണ കാലഘട്ടം തന്നെയായിരുന്നു. പിന്നീട് ഇപ്പോഴാണ് അത്തരത്തിലൊരു അംഗീകാരം നമ്മള്‍ ഫുട്‌ബോളിന് നല്‍കിത്തുടങ്ങിയത്. സിനിമയുടെ കഥ നടക്കുന്ന കാലഘട്ടം കൂടുതലും തൊണ്ണൂറുകളായിരുന്നു. ഒരുപാട് പണ്ടു നടക്കുന്ന കഥയാണെങ്കില്‍ വളരെ എളുപ്പത്തില്‍ സെറ്റിട്ടാല്‍ മതി. ഇന്നത്തെ കാലമാണെങ്കിലും വലിയ വെല്ലുവിളിയില്ല. എന്നാല്‍ ഇതിനിടയിലായതുകൊണ്ട് കുറച്ചു കഷ്ടപ്പാടുതന്നെയായിരുന്നു. ഓരോ കാര്യങ്ങളും വ്യക്തമായി പഠിച്ചും നിരീക്ഷിച്ചും ചെയ്യുക എന്നതുതന്നെയായിരുന്നു ഏക മാര്‍ഗം.
? ആത്മഹത്യയോ സ്വാഭാവിക മരണമോ എന്ന ചോദ്യം ബാക്കിയാക്കിയാണ് വി.പി സത്യന്‍ പോയത്. അത് കാഴ്ചക്കാരിലേക്കെത്തിച്ച അനുഭവം
ഈ സിനിമയില്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ റിസ്‌ക് അദ്ദേഹത്തിന്‍റെ മരണം അവതരിപ്പിക്കുന്നതു തന്നെയായിരുന്നു. ഒരു സേഫ് ലാന്‍ഡിങ് ആയിരുന്നു ആവശ്യം. വി.പി സത്യന്‍റെ മരണം എങ്ങനെയാകാമെന്ന എന്‍റെ ചിന്തയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അദ്ദേഹം ഓരോ ശ്വാസത്തിലും ഫുട്‌ബോളിനെ സ്‌നേഹിച്ച ആളാണ്. ഓരോ നിമിഷവും അദ്ദേഹത്തിന്‍റെ ഉള്ളില്‍ താന്‍ കളിക്കളത്തിലാണ് നില്‍ക്കുന്നത് എന്ന ചിന്തയാണ്. അത്തരത്തിലാണ് ആ മരണത്തേയും അവതരിപ്പിച്ചിരിക്കുന്നത്.
വായിക്കാം: ആരായിരുന്നു വി പി സത്യന്‍
? പുറം രാജ്യങ്ങളിലെ ഫുട്‌ബോള്‍ താരങ്ങളെ അവതരിപ്പിച്ച രീതിയെച്ചൊല്ലി വിമര്‍ശങ്ങള്‍ ഉണ്ടല്ലോ
മലയാളത്തില്‍ ഒരുക്കുന്ന ഒരു ചിത്രമാണ്. ബഡ്ജറ്റ് ഉള്‍പ്പെടെ ഒരുപാടു പരിമിതികള്‍ ഉണ്ട്. അതില്‍ നിന്നുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.