മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ഡിസംബർ 12 ന് റിലീസിനെത്തുന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് മാമാങ്കം ടീം. കേരളത്തിന് അകത്തും പുറത്തുമായുളള വിവിധ പ്രൊമോഷൻ പരിപാടികളിൽ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്‌ലാൻ അടക്കമുളള താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. അടുത്തിടെ നടന്നൊരു പ്രൊമോഷൻ പരിപാടിയിൽ മാമാങ്കം സിനിമയിലെ നായിക പ്രാചി തെഹ്‌ലാൻ മമ്മൂട്ടിയെക്കുറിച്ച് പറയവേ വികാരഭരിതയായി.

പ്രാചിയുടെ ആദ്യ മലയാള സിനിമയാണിത്. കഴിഞ്ഞ രണ്ടു വർഷമായി മാമാങ്കം സിനിമയുടെ ഭാഗമായ പ്രാചിക്ക് മമ്മൂട്ടിയെക്കുറിച്ച് പറയാൻ ഒരുപാടുണ്ടായിരുന്നു. ”ഞാനൊരിക്കലും ഒരു നടിയാവുമെന്നോ മലയാളം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നോ വിചാരിച്ചിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം മാമാങ്കം വളരെ ദീർഘമായൊരു യാത്രയായിരുന്നു. കഴിഞ്ഞ ദിവസം ആക്ടിങ് കരിയറിൽ എന്തായി തീരണമെന്നാണ് ആഗ്രഹമെന്ന് ഒരാൾ എന്നോടു ചോദിച്ചു, ഞാൻ പറഞ്ഞു മമ്മൂക്കയാകണമെന്ന്. ഞാനൊരാളുടെയും കടുത്ത ആരാധകയല്ല. പക്ഷേ ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റ ആരാധികയാണ്. നല്ലൊരു നടനെന്നപ്പോലെ നല്ലൊരു മനുഷ്യനാണ് മമ്മൂക്ക” നിറകണ്ണുകളോടെ പ്രാചി പറഞ്ഞു.

താൻ വികാരഭരിതയാകാനുളള കാരണം പിന്നീട് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രാചി വെളിപ്പെടുത്തി. ”താങ്കൾ ഇന്നലെ ഹാളിൽ പ്രവേശിച്ച സമയം മുതൽ എന്റെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയാത്തത്ര സന്തോഷത്തിലായിരുന്നു ഞാൻ. എനിക്കതൊരു ഒരു മികച്ച നിമിഷമായിരുന്നു. നിങ്ങളുടെ മിക്ക ബ്ലോക്ക്ബസ്റ്റർ സിനിമകളും ഞാൻ കണ്ടിട്ടുണ്ടാകില്ല. എന്നാൽ നിങ്ങളുടെ ആരാധകരുടെ പട്ടികയിൽ എന്റെ പേര് ചേരുന്നതിനുള്ള പ്രധാന കാരണം നിങ്ങൾ നല്ലൊരു മനുഷ്യനായതിനാലാണ്. നിങ്ങൾ ഞങ്ങളെ കുടുംബം പോലെയാണ് കാണുന്നത്. ഞാൻ നിങ്ങളെ വളരെയധികം നിരീക്ഷിച്ചപ്പോഴാണ് എനിക്ക് അങ്ങനെ തോന്നിയത്. എല്ലാം ഹ്രസ്വമായി സംഗ്രഹിച്ച് സ്റ്റേജിൽ വച്ച് അതെങ്ങനെ താങ്കളോട് പറയുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. നിങ്ങൾ എല്ലായ്പ്പോഴും എന്റെ പ്രചോദനമായിരിക്കും. നിങ്ങൾ നിങ്ങളായിരിക്കുന്നതിൽ നന്ദിയുണ്ട്” മമ്മൂക്കയ്ക്കായി പ്രാചി എഴുതിയത് ഇതായിരുന്നു.

Read Also: മമ്മൂക്കയുടെ ‘മാമാങ്കം’ ഉത്സവമാകട്ടെ; ആശംസകളുമായി ലാലേട്ടന്‍

വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ‘മാമാങ്ക’ മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രാചി തെഹ്‌ലാൻ ആണ് നായിക. ഇവർക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook