നടനും സംവിധായകനും നൃത്തസംവിധായകനുമായ പ്രഭുദേവയുടെ വിവാഹ വാർത്തയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലേയും സമൂഹ മാധ്യമങ്ങളിലേയും ചർച്ച വിഷയം. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം.
മുംബൈ ആസ്ഥാനമായി ജോലി ചെയ്യുന്ന ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയെയാണ് പ്രഭുദേവ വിവാഹം കഴിച്ചിരിക്കുന്നത്.
പ്രഭുദേവയുടെ ജ്യേഷ്ഠൻ രാജു സുന്ദരം വിവാഹവാർത്ത സ്ഥിരീകരിച്ചു. പ്രഭുദേവയുടെ വിവാഹത്തിൽ തങ്ങൾ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയുടെ ഭാഗമായാണ് പ്രഭുദേവ ഹിമാനിയുമായി പരിചയത്തിലായതെന്ന് രാജു സുന്ദരം പറഞ്ഞു.
“തുടർച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറം വേദന ഉണ്ടായിരുന്നു. മുംബെെയിൽ ചികിത്സയുടെ ഭാഗമായാണ് ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മുംബെെയിൽ നിന്ന് ഇരുവരും ചെന്നെെയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക് ഡൗൺ ഇളവുകൾ വന്നതോടെ ഇരുവരും കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുഗ്രഹം തേടി.”
പ്രഭുദേവ നേരത്തെ രാംലതയെ വിവാഹം കഴിച്ചിരുന്നു. 2011 ലാണ് ഇരുവരും വിവാഹമോചനം നേടിയത്. നേരത്തേ നടി നയൻതാരയുമായും പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു.
സൽമാൻ ഖാൻ നായകനായ രാധെയുടെ ഷൂട്ടിംഗിന്റെ തിരക്കിലാണ് പ്രഭുദേവ ഇപ്പോൾ.