പ്രഭുദേവയും ഹൻസികയും വീണ്ടും ഒന്നിക്കുന്നു. ഒരു തമിഴ് ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ‘ഗുലേപകാവലി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കോട്ടപ്പടി ജെ.രാജേഷാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പ്രഭുദേവ ട്വിറ്ററിലൂടെ പങ്ക് വച്ചിട്ടുണ്ട്. വ്യത്യസ്‌തമായ വേഷത്തിലാണ് പ്രഭുദേവയെ പോസ്റ്ററിൽ കാണുന്നത്.

ഇതിന് മുൻപും ഇരുവരും ഒന്നിച്ച് വെളളിത്തിരയിലെത്തിയിട്ടുണ്ട്. 2004ൽ പുറത്തിറങ്ങിയ അബ്റാ കാ ദബ്റ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ജയം രവിയെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്‌ത എങ്കെയും കാതലിൽ ഹൻസികയായിരുന്നു നായിക.

ഹൻസികയും പ്രരഭുദേവയും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ കുറച്ച് കാലമായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്.

നിലവിൽ ലക്ഷ്‌മി മേനോൻ നായികയായെത്തുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ. എംഎസ് അർജുനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അതേ സമയം വലിയൊരു ഇടവേളയ്‌ക്ക് ശേഷം സിനിമാ സംവിധായകനാവാൻ ഒരുങ്ങുകയാണ് പ്രഭുദേവ. ‘കറുപ്പ് രാജ വെള്ളയ് രാജ’ എന്ന ചിത്രത്തിലൂടെയാണ് പ്രഭുദേവയുടെ തിരിച്ചുവരവ്.

കാർത്തിയും വിശാലുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സയേഷയാണ് സിനിമയിൽ നായികയായെത്തുന്നത്. ജയം രവി നായകനായെത്തുന്ന എ.എൽ.വിജയ് ചിത്രം വനമകനിലെ നായികയാണ് സയേഷ. ഒരു ത്രികോണ പ്രണയകഥയാണ് കറുപ്പ് രാജ വെളളയ് രാജ പറയുന്നത്.

ഹൻസികയാവട്ടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ തിരക്കിലാണ്. മോഹൻലാൽ നായകനായെത്തുന്ന വില്ലനിലാണ് ഹൻസിക അഭിനയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ