തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നറിയപ്പെടുന്ന വ്യക്തിയാണ് പ്രഭുദേവ. നൃത്തത്തിൽ മാത്രമല്ല അഭിനയത്തിലും സംവിധാനത്തിലും പ്രഭുദേവ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പ്രമുഖ താരമാണ് പ്രഭുദേവ. മഞ്ജു വാര്യർ ചിത്രമായ ‘ആയിഷ’യിലെ നൃത്തം കൊറിയോഗ്രാഫ് ചെയ്താണ് പ്രഭുദേവ അവസാനമായി മലയാളത്തിലെത്തിയത്.
പ്രശസ്ത നൃത്ത സംവിധായകനായ മുഗുർ സുന്ദർ ആണ് പ്രഭുദേവയുടെ പിതാവ്. നീണ്ട 15 വർഷം നൃത്ത മേഖലയിൽ സജീവമായിരുന്ന സുന്ദർ പിന്നീട് തന്റെ നാട്ടിലേക്ക് താമസം മാറി. മൈസൂരിൽ ഫാം ആരംഭിച്ച് കൃഷി ചെയ്ത് അദ്ദേഹം തന്റെ ജീവിതം ആസ്വദിക്കുയായിരുന്നു. ഇതിനിടയിലാണ് മൈസൂരുവിലെ വീട് പുതുക്കി പണിയണമെന്ന് ആഗ്രഹം പ്രഭുദേവയോട് പ്രകടിപ്പിച്ചത്. ഈ വീടിന്റെ ട്രോൻസ്ഫോർമേഷൻ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആറു വർഷങ്ങൾക്കു മുൻപ് ഗോദറേജ് ഇന്റീരിയോ എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് അഞ്ചു ലക്ഷം വ്യൂസുണ്ട്. താരത്തിന്റെ അച്ഛനെയും അമ്മയെയും വീഡിയോയിൽ കാണാം. വീട് ഡിസൈൻ ചെയ്യുന്നവർ പ്രഭുദേവയോട് അഭിപ്രായം ചോദിക്കുന്നുണ്ട്. ലിവിങ്ങ് റൂം എങ്ങനെ വേണമെന്ന് ചോദിക്കുമ്പോൾ സന്തോഷം നിറഞ്ഞതായിരിക്കണമെന്നാണ് പ്രഭുദേവയുടെ മറുപടി.
അച്ഛന്റെയും അമ്മയുടെ മുറിയെക്കുറിച്ച് ചോദിക്കുമ്പോൾ വളരെ കൃത്യതയോടെയാണ് പ്രഭുദേവ കാര്യങ്ങൾ പറയുന്നത്. അധികം പൊക്കമുള്ള കട്ടിൽ വേണ്ടെന്നും അലമാരിയുടെ ഡിസൈനെല്ലാം അദ്ദേഹം പറയുന്നു. തന്റെ മുറി കുറച്ച് ഗ്ലോസിയായിരിക്കണമെന്നും പറയുന്നുണ്ട്. വീഡിയോയ്ക്ക് അവസാനം പുതുതായി ഡിസൈൻ ചെയ്ത് വീട്ടിലേക്ക് മൂവരും പ്രവേശിക്കുന്നതും കാണാം.
പ്രഭുദേവ തന്റെ ഭാര്യയ്‌ക്കൊപ്പം മുംബൈയിലാണ് താമസം. മുംബൈയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ഹിമാനിയാണ് താരത്തിന്റെ ഭാര്യ.