ബോളിവുഡ് മാത്രല്ല, മലയാളികളും ഏറെ പ്രതീക്ഷയോടെ ഈ വര്‍ഷം കാത്തിരിക്കുന്ന ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. അമിതാഭ് ബച്ചന്, ആമിര്‍ ഖാന്, കത്രീന കൈഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ദംഗല്‍ താരം ഫാത്തിമ സനാ ഷെയ്ഖും ചിത്രത്തിലുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത, ഇതില്‍ കത്രീനയ്ക്കും ആമിറിനും വേണ്ടി നൃത്തച്ചുവടുകള്‍ ഒരുക്കുന്നത് ഡാന്‍സ് കിങ് പ്രഭുദേവയാണ് എന്നതാണ്.
സിനിമയുടെ അടുത്തവൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞതാണ് ഇക്കാര്യം. വൈആര്‍എഫ് സ്റ്റുഡിയോയില്‍ റിഹേഴ്സല്‍ പുരോഗമിക്കുകയാണ്.
‘സിനിമയ്ക്കു വേണ്ടി കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. മറ്റു നര്‍ത്തകരില്‍ നിന്നും വ്യത്യസ്തമായി കുറച്ച് ആയാസമേറിയ സ്റ്റെപ്പുകളാണ് പ്രഭുദേവയുടേത്. അതുകൊണ്ടു തന്നെ ആമിറും കത്രീനയും കുറച്ചധികം അധ്വാനിക്കേണ്ടി വരും. സമയവും എടുക്കും. ജനുവരി 14ന് പാട്ടിന്റെ ചിത്രീകരണം ആരംഭിക്കും. കത്രീനയും ആമിറും ധൂം 3യില്‍ ഒരുമിച്ചെത്തിയവരാണ്. അതിനാല്‍ തന്നെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി മനോഹരമാണെന്നതില്‍ സംശയമില്ല. അത് ചുവടുകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കും.’ അമിതാഭ് ബച്ചനും ആമിര്‍ ഖാനും അഭിനയിക്കുന്ന മറ്റൊരു ഗാനത്തിനും കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രഭുദേവ തന്നെയാണ്.
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ ബി ടൗണില്‍ ഇതിനെക്കുറിച്ച് മാത്രമാണ് സംസാരം. അമിതാഭ് ബച്ചനും ആമിര്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍.
ചിത്രത്തിലെ കഥാപാത്രത്തിനായി ആമിര്‍ ശരീരഭാരം വളരെയധികം കുറച്ചത് വാര്‍ത്തയായിരുന്നു. നേരത്തെ ചിത്രത്തിലെ കഥാപാത്രത്തിനായി കാതും മൂക്കും കുത്തിയ ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ പുറത്തുവരികയും വൈറലാവുകയും ചെയ്തിരുന്നു.