ഹൈദരാബാദ്: ബാഹുബലിക്ക് ശേഷം സാഹോ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കുകയാണ് പ്രഭാസ്. ഹൈദരാബാദിലാണ് സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പ്രഭാസിന് തിരിച്ചടി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നടപടി ഉണ്ടായിരിക്കുന്നത്. പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് റവന്യൂ അധികൃതര്‍ പിടിച്ചെടുത്തിരിക്കുകയാണ്. റായദുര്‍ഗത്തിലുളള അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍ പതിച്ച് പൂട്ടിയിട്ടു. സര്‍ക്കാര്‍ ഭൂമിയിലാണ് പ്രഭാസ് വീട് വച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രദേശത്തെ മുഴുവന്‍ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ച് വരുന്നതായി സെരിലിംഗംപളളി തഹസില്‍ദാര്‍ വാസുചന്ദ്ര പറഞ്ഞു. സര്‍ക്കാരും സ്വകാര്യ വ്യക്തികളും തമ്മില്‍ 84.3 ഏക്കര്‍ സ്ഥലത്തിനായി തര്‍ക്കം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇരുകൂട്ടരും സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ പ്രദേശത്തെ സ്ഥലം മുഴുവന്‍ സര്‍ക്കാരിന്റേതാണെന്ന് മൂന്ന് മാസം മുമ്പ് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈയ്യടക്കിയ ഭൂമി പിടിച്ചെടുത്തും കെട്ടിടങ്ങള്‍ പൊളിച്ചും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. പ്രഭാസിന്റെ ഗസ്റ്റ് ഹൗസും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നേരത്തേ നോട്ടീസ് അയച്ചിരുന്നുവെങ്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ആരെയും കാണാനായില്ല. തുടര്‍ന്നാണ് വീട് സീല്‍ വച്ച് പൂട്ടിയിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook