‘ബാഹുബലി’ എന്ന ചിത്രത്തോടെ ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആരാധകരെ നേടിയെ താരമാണ് പ്രഭാസ്. അമരേന്ദ്ര ബാഹുബലി എന്ന രാജാവിനെ, നായകനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യാത്തവരുണ്ടാകില്ല. എന്നാല്‍ സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും താനൊരു ഹീറോ ആണെന്ന് പ്രഭാസ് തന്റെ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണ്.

എല്ലാ വര്‍ഷവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷക്കണക്കിനു രൂപയാണ് പ്രഭാസ് നല്‍കുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് സാക്ഷി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ഒരു അന്ധ വിദ്യാലയത്തില്‍ സന്ദര്‍ശനം നടത്തിയ പ്രഭാസ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയാണ് സംഭവനയായി നല്‍കിയത്. കൂടാതെ അവിടുത്തെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

വെള്ളിത്തിരയില്‍ തെലുങ്ക് സിനിമാ മേഖലയുടെയും പ്രേക്ഷകരുടേയും ഏറ്റവും പ്രിയപ്പെട്ട നായകനായി മാറിയ താരമാണ് പ്രഭാസ്. എത്രയോ കുട്ടികളുടെ മുഖത്ത് ചിരിപടര്‍ത്തി ജീവിതത്തിലും അദ്ദേഹം നല്ലൊരു നായകനാകുന്നു.

എസ്.എസ് രാജമൗലി ഒരുക്കിയ ‘ബാഹുബലി’ എന്ന ചിത്രത്തിനു ശേഷം ‘സാഹോ’ എന്ന സിനിമയുടെ ചിത്രീകരണവുമായി തിരക്കിലാണ് പ്രഭാസ്. ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ക്കായി അഞ്ചുവര്‍ഷത്തെ സമയമാണ് പ്രഭാസ് നല്‍കിയത്. എന്നാല്‍ ബാഹുബലിയെക്കാള്‍ വലിയ പ്രൊജക്ടായിരിക്കും സാഹോ എന്നാണ് അറിയുന്നത്. പ്രഭാസിനെകൂടാതെ ശ്രദ്ധ കപൂര്‍, നെയ്ല്‍ നിതിന്‍ മുകേഷ്, ജാക്കി ഷറഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ‘സാഹോ’ തിയേറ്ററുകളില്‍ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook