ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് സാഹോ. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ തുടങ്ങിക്കഴിഞ്ഞു. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. നേരത്തെ അനുഷ്ക ഷെട്ടിയാണ് ചിത്രത്തിലെ നായികയെന്ന തരത്തിൽ വാർത്തകൾ പരന്നുവെങ്കിലും പിന്നീട് ശ്രദ്ധയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ചിത്രത്തിൽ അഭിനയിക്കാനെത്തിയ ശ്രദ്ധയ്ക്ക് വൻ വരവേൽപാണ് പ്രഭാസും സാഹോ ടീമും ചേർന്ന് നൽകിയത്.

ഹൈദരാബാദ് വിഭവങ്ങളൊരുക്കിയാണ് ശ്രദ്ധയെ ടീം വരവേറ്റത്. ഇതുകണ്ട ശ്രദ്ധയ്ക്കും സന്തോഷം സഹിക്കാനായില്ല. സാഹോ ടീം തനിക്ക് നൽകിയ വിരുന്നിന്റെ ചിത്രമെടുത്ത് ശ്രദ്ധ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പ്രഭാസിനൊപ്പം അഭിനയിക്കാൻ പോകുന്നതിൽ താൻ വളരെ ആവേശത്തിലാണെന്ന് നേരത്തെ ശ്രദ്ധ പറഞ്ഞിരുന്നു.

ഹൈടെക് ആക്ഷനുകളാൽ നിറഞ്ഞ വമ്പൻ ബജറ്റ് ചിത്രമാണ് സാഹോ. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും. 150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രഭാസിന്റെ പ്രതിഫലം 30 കോടിയാണ്. 9 കോടിയാണ് ശ്രദ്ധയുടെ പ്രതിഫലം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ