ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത താര ജോഡിയാണ് അനുഷ്‌കയും പ്രഭാസും. തന്റെ പുതിയ ചിത്രമായ സാഹോയുടെ ഷൂട്ടിങ് തിരക്കുകളിലാണ് പ്രഭാസ്. അതേസമയം അനുഷ്‌ക കേന്ദ്രകഥാപാത്രമായി എത്തിയ ബാഗമതി എന്ന ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തി. തെലുങ്കില്‍ ചിത്രീകരിച്ച സിനിമ തമിഴിലും മലയാളത്തിലും മൊഴിമാറ്റവുമുണ്ട്.

സാഹോയുടെ ഷൂട്ടിങ് തിരക്കുകളില്‍ മുഴുകിയിരിക്കുന്ന പ്രഭാസിനായി ബാഗമതിയുടെ പ്രത്യേക സ്‌ക്രീനിങ് സംഘടിപ്പിക്കുന്നു എന്നാണ് ഇന്ത്യാ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസത്തെ ബ്രേക്കിലാണ് പ്രഭാസിപ്പോള്‍ എന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ താരം അത്ര സജീവമല്ലെങ്കിലും ചിത്രം കണ്ടതിനു ശേഷം തന്റെ അഭിപ്രായം എഴുതുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

പ്രഭാസിന്റെ അഭിപ്രായത്തിനായി കാത്തിരിക്കുന്നത് സുഹൃത്തും സഹപ്രവര്‍ത്തകയുമായ അനുഷ്‌ക മാത്രമായിരിക്കില്ല, ഇരുവരെയും നെഞ്ചേറ്റുന്ന ആരാധകര്‍ കൂടിയാണ്. രണ്ടുപേരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുക കൂടിയാണ് സിനിമാ പ്രേമികള്‍. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഇവര്‍ ഒന്നിച്ചുകാണണം എന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്.

ബാഗമതിയുടെ സെറ്റില്‍ അനുഷ്‌കയെ കാണാന്‍ മുഖം മറച്ച് പ്രഭാസ് എത്തിയ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ബാഹുബലി സിനിമയ്ക്കുശേഷം അനുഷ്‌കയേയും പ്രഭാസിനെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇരുവരും വിവാഹിതാരാകാന്‍ പോകുന്നു, പ്രണയത്തിലാണ് എന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഇരുവരും ഓരോതവണയും നിഷേധിക്കുകയാണ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ