ബാഹുബലിയുടെ മാസ് വിജയത്തിനു ശേഷം പ്രഭാസ് നായകനാകുന്ന സാഹോ എന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളാല്‍ ‘സാഹോ’ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നായിരുന്നു തുടക്കം മുതലേ അണിയറപ്രവര്‍ത്തകരുടെ വാഗ്‌ദാനം. ഇതു ശരിവയ്ക്കും മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.

ഒന്നിലധികം ഭാഷകളില്‍ ഇറങ്ങുന്ന ഈ ചിത്രത്തിനു വേണ്ടി 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചെയ്‌സിങ് രംഗത്തില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് പ്രഭാസ്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്തായിരിക്കും ഈ രംഗങ്ങള്‍ ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അനീസ് ബസ്മീയുടെ ‘വെല്‍കം ബാക്ക്’ എന്ന ചിത്രമാണ് ഇതിനു മുൻപ് ബുര്‍ജ് ഖലീഫയില്‍ ചിത്രീകരിച്ച മറ്റൊരു ബോളിവുഡ് ചിത്രം.

ചെയ്‌സിങ് രംഗത്തിനായി കൊറിയോഗ്രഫി ചെയ്യുന്നത് ഹോളിവുഡിലെ ആക്ഷന്‍ കൊറിയോഗ്രഫര്‍ കെന്നി ബാറ്റ്‌സ് ആണ്. ട്രാന്‍സ്‌ഫോര്‍മര്‍, ഡൈ ഹാര്‍ഡ് എന്നീ ചിത്രങ്ങളുടെ കൊറിയോഗ്രഫറാണ് കെന്നി. നിലവില്‍ കെന്നി ബാറ്റ്‌സും സംഘവും പ്രഭാസിന് പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചിത്രത്തില്‍ ബോഡി ഡബ്ലിങ് ഇല്ലാതെ പ്രഭാസ് തന്നെയായിരിക്കും ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുക എന്ന് സംവിധായകന്‍ സുജിത്ത് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ