ബാഹുബലി 3 സംഭവിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല: പ്രഭാസ്

ബാഹുബലിയിലെ നായകൻ പ്രഭാസും മൂന്നാം ഭാഗമുണ്ടാകുമെന്ന പ്രതീക്ഷയാണ് പങ്കുവച്ചിട്ടുള്ളത്

prabhas, baahubali, ie malayalam

ബാഹുബലിക്ക് മൂന്നാം ഭാഗം ഉണ്ടായാൽ അതെങ്ങനെയായിരിക്കുമെന്ന് ആലോചിക്കുമ്പോൾ തന്നെ സിനിമാ പ്രേമികൾ ആവേശത്തിലാകും. ബാഹുബലിയുടെ ആദ്യ രണ്ടു ഭാഗങ്ങളുടെ മേക്കിങ് അത്രയ്ക്കും മികച്ചതായിരുന്നു. ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകുമോയെന്ന ചോദ്യം സംവിധായകൻ എസ്.എസ്.രാജമൗലിയോട് ചോദിച്ചപ്പോൾ ശക്തമായൊരു തിരക്കഥയുണ്ടായാൽ ചെയ്യുമെന്നാണ് പറഞ്ഞത്. ബാഹുബലിയിലെ നായകൻ പ്രഭാസും മൂന്നാം ഭാഗമുണ്ടാകുമെന്ന പ്രതീക്ഷയാണ് പങ്കുവച്ചിട്ടുള്ളത്.

രാജീവ് മസന്ദുമായുളള അഭിമുഖത്തിലാണ് പ്രഭാസ് ഇക്കാര്യം പങ്കുവച്ചത്. ”എസ്.എസ്.രാജമൗലി മൂന്നാം ഭാഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹം ആവേശഭരിതനായിരിക്കണം. അദ്ദേഹം എനിക്ക് 6 തിരക്കഥകൾ മാത്രമാണ് നൽകിയത്. അങ്ങനെയെങ്കിൽ ചിലപ്പോൾ അദ്ദേഹം 10-14 എണ്ണം എഴുതിയിട്ടുണ്ടാകും. അവിടെ തന്നെ ഞങ്ങൾ 60 ശതമാനത്തോളം പൂർത്തിയായി. അദ്ദേഹത്തിന്റെ മനസിൽ 5 വർഷമായി ഈ തിരക്കഥ ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ ബാഹുബലി 3 സംഭവിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല,” പ്രഭാസ് പറഞ്ഞു.

ബാഹുബലി സിനിമ അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും പ്രകാശ് സംസാരിച്ചു. ”ബാഹുബലിക്കായി നാലു വർഷം നൽകിയതിൽ ഞാൻ സന്തോഷവാനാണ്. അവസാനമായപ്പോൾ മറ്റെന്തെങ്കിലും കൂടി ചെയ്യണമെന്ന് എനിക്ക് തോന്നി. ചില സമയത്ത് ഞാൻ ആ പ്രോജക്ടിന്റെ ഭാഗമായിരുന്നുവെന്ന് മറക്കുന്നു, എനിക്കത് സ്വപ്നതുല്യമായിരുന്നു,” പ്രഭാസ് വ്യക്തമാക്കി. അമരേന്ദ്ര ബാഹുബലിയും മഹേന്ദ്ര ബാഹുബലിയും ഒരിക്കലും തന്നിൽനിന്നും പുറത്തുപോകില്ലെന്നും പ്രഭാസ് പറഞ്ഞു.

2015ലാണ് എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്. അന്ന് തുടങ്ങിയ കാത്തിരിപ്പായിരുന്നു രണ്ടാം ഭാഗത്തിനായി. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിനുത്തരമായിരുന്നു രണ്ടാം ഭാഗത്തിൽ ഏവർക്കും അറിയേണ്ടിയിരുന്നത്.

2017 ഏപ്രില്‍ അവസാനമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യമായി 1000 കോടി രൂപ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്നതാണ് ബാഹുബലിയുടെ പോപ്പുലര്‍ റെക്കോര്‍ഡ്. 1700 കോടിയിലധികമാണ് ചിത്രത്തിന്റെ കളക്ഷന്‍. മറ്റൊരു ചിത്രത്തിനും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകള്‍ കൂടാതെ റഷ്യന്‍ ഭാഷയിലും ജാപ്പനീസ് ഭാഷയിലും ബാഹുബലി ഒരുങ്ങിയിരുന്നു.

Read Also: ‘ബാഹുബലി’യോ ‘സാഹോ’യോ വലിയ ചിത്രം? പ്രഭാസ് പറയുന്നു

ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്ക, തമന്ന, സത്യരാജ്, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prabhas talking about baahubali 3

The moderation of comments is automated and not cleared manually by malayalam.indianexpress.com