തന്‍റെ പുതിയ ചിത്രമായ ‘സാഹോ’യിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അബുദാബിയില്‍ നടന്നു വരുന്ന ഷൂട്ടിംഗില്‍ 37 കാറുകളും 5 ട്രക്കുകളും ‘ക്രാഷ്’ ചെയ്തു എന്ന് ‘ബാഹുബലി’ താരം ‘പ്രഭാസ്’. അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്സിനെ സമീപിച്ചു. അദ്ദേഹം അബുദാബിയില്‍ വന്നു ലൊക്കേഷന്‍ കണ്ടു. എല്ലാം ലൈവ് ആയി ചെയ്യണം എന്നത് അദ്ദേഹത്തിന്‍റെ ആശയമായിരുന്നു. അത് കൊണ്ട് ‘സാഹോ’യില്‍ നിങ്ങള്‍ സ്ക്രീനില്‍ കാണുന്നതിന്‍റെ 90 ശതമാനം ആക്ഷനും റിയല്‍ ആയിത്തന്നെ ചെയ്തതാണ്. ശരിക്കുള്ള കാറുകള്‍ കൊണ്ട് വരണം, അവയെ പറത്തണം എന്നൊക്കെ കേന്നിയുടെ ഐഡിയയായിരുന്നു. 27 കാറുകളും 5 ട്രക്കുകളും ഞങ്ങള്‍ ‘ക്രാഷ്’ ചെയ്തു. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന് പകരം ഇങ്ങനെ ചെയ്‌താല്‍ നന്നാകും എന്ന് തോന്നി. സാധാരണ ഇതരന്‍ രംഗങ്ങളില്‍ 70 ശതമാനം കമ്പ്യൂട്ടര്‍ ഗ്രാഫിക്സും 30 ശതമാനം ശരിക്കുള്ള ആക്ഷനും ആയിരിക്കും. പക്ഷേ ഇവിടെ അബുദാബിയില്‍ ഞങ്ങള്‍ എല്ലാം റിയല്‍ ആയി ചെയ്യാന്‍ തീരുമാനിച്ചു. നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചിലത് ഈ സിനിമയില്‍ കാണാന്‍ കഴിയും.”, ഗള്‍ഫ് മാധ്യമപ്രവര്‍ത്തകരോട് പ്രഭാസ് പറഞ്ഞതായി ഖലീജ് ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Prabhas meets the Press

പ്രഭാസ്

എന്നാല്‍ തങ്ങള്‍ ‘ക്രഷ്’ ചെയ്തത് 37 കാറുകളാണ് എന്നും പ്രഭാസ് പറഞ്ഞത് പോലെ 27 എണ്ണം അല്ല എന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പിന്നീട് തിരുത്തിപ്പറഞ്ഞു. ചിത്രീകരണത്തിന് അബുദാബി നഗരം നല്‍കിയ സഹകരണത്തിനും അവര്‍ നന്ദി അറിയിച്ചു.

പ്രഭാസ്, ശ്രദ്ധാ കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമാണ് ‘സാഹോ’. നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷറഫ് എന്നിവരും വേഷമിടുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് സുജീത് റെഡ്ഡിയാണ്. നിര്‍മ്മാണം യു വി ക്രിയേഷന്‍സ്.

Saaho Filming in Abudhabi

‘സാഹോ’ ചിത്രീകരണം

ഒന്നിലധികം ഭാഷകളില്‍ ഇറങ്ങുന്ന ഈ ചിത്രത്തിനു വേണ്ടി 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചെയ്‌സിങ് രംഗമാണ് ചിത്രീകരിച്ചത്. ‘ബാഹുബലി’യില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ‘സാഹോ’യില്‍ എത്തുന്നത്. അതിനായി ഭാരം കുറച്ച്, മെലിഞ്ഞ് തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. ബോളിവുഡിൽ നിന്നുള്ള പല ഓഫറുകളും നിരസിച്ചാണ് താരം ഈ ചിത്രത്തിൽ കരാർ ഒപ്പിട്ടത്. 30 കോടിയാണ് സിനിമയ്ക്കായി പ്രഭാസിന്റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.

12 കോടിയാണ് ചിത്രത്തിനായി ശ്രദ്ധ കപൂര്‍ ആവശ്യപ്പെട്ടത്. എന്നാൽ 9 കോടി രൂപക്കാണ് ഒടുവിൽ നടി കരാർ ഒപ്പിട്ടത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. നീൽ നിഥിൻ മുകേഷ് വില്ലൻ വേഷത്തിലെത്തുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ചാകും റിലീസ് ചെയ്യുക. മൂന്നു ഭാഷകളിലേയും ചേർത്താണ് പ്രതിഫലം.

Prabhaas in Saaho1

‘ബാഹുബലി’യുടെ റെക്കോഡ് ഇതിനോടകം തന്നെ ‘സാഹോ’ മറികടന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. 400 കോടിയ്ക്ക് ഇറോസ് ഇറോസ് ഇന്‍റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ‘ബാഹുബലി’യുടെ വിതരണാവകാശം 350 കോടിയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ