തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്മാന്. താര-പുത്ര പദവിയോടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്ഖറിനു കഴിഞ്ഞു. ദുല്‍ഖറിനെ പറ്റി നടന് പ്രഭാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
”സീതാരാമത്തിന്റെ ട്രെയിലര്‍ നന്നായിട്ടുണ്ട്. ദുല്‍ഖര്‍ വളരെ സുന്ദരനായ നായകനാണ്” എന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. ‘സീതാരാമം’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് പ്രഭാസ് ദുല്‍ഖറിനെ പ്രശംസിച്ചത്.
പ്രഭാസിന്റെ വാക്കുകള്‍ക്ക് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ”പ്രഭാസ് ദുല്‍ഖറിന്റെ അച്ഛനെ കണ്ടിട്ടില്ലേ” യെന്നാണ് ആരാധകരില്‍ നിന്ന് ഉയരുന്ന ചോദ്യം. മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാലങ്ങളായി സിനിമ മേഖലയില്‍ നിറഞ്ഞു കേള്‍ക്കുന്ന ഒന്നാണ്.
ആഗസ്റ്റ് 5 ന് റിലീസിന് എത്തുന്ന ചിത്രം എല്ലാവരും തീയറ്ററുകളില്‍ തന്നെ പോയി കാണണമെന്ന് പ്രഭാസ് പറഞ്ഞു. ചടങ്ങിന് എത്തിയ പ്രഭാസിനോട് നന്ദി പറയാനും ദുല്‍ഖര്‍ മറന്നില്ല.
ഹനു രാഘവപുടിയാണ് ‘സീതാരാമ’ ത്തിന്റെ സംവിധായകന്. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ ദുല്‍ഖറിന് പുറമെ മൃണാള്‍ ഠാക്കൂര്‍, രശ്മിക മന്ദാന, ഗൗതം മേനോന്, പ്രകാശ് രാജ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക. ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സിതാരാമം.