‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രമാണ് ‘സാഹോ’യുടെ മേക്കിങ് വീഡിയോ റിലീസായി. ‘ഷേഡ്‌സ് ഓഫ് സാഹോ’ എന്ന പേരിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. തന്റെ പിറന്നാൾ ദിനത്തിൽ പ്രഭാസ് തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രഭാസിന്റെ 39-ാം പിറന്നാൾ ആണിന്ന്.

അബുദാബിയിലാണ് ഈ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. 37 കാറുകളും 5 ട്രക്കുകളും തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ഈ ആക്ഷൻ സ്വീകൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ബോഡി ഡബ്ലിങ് ഇല്ലാതെ പ്രഭാസ് തന്നെയാണ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുക എന്ന് സംവിധായകന്‍ സുജിത്ത് നേരത്തെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആയ കെന്നി ബേറ്റ്സിന്റെ നേതൃത്വത്തിൽ ചിത്രീകരിച്ച ഭാഗങ്ങളുടെ മേക്കിങ് വീഡിയോ ആണ് ‘സാഹോ’ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍, ഡൈ ഹാര്‍ഡ് എന്നീ ചിത്രങ്ങളുടെ കൊറിയോഗ്രഫറായ കെന്നി ബാറ്റ്‌സാണ് സാഹോയുടെ ആക്ഷൻ കൊറിയോഗ്രാഫർ.

20 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചെയ്‌സിങ് രംഗത്തിലും ഡ്യൂപ്പില്ലാതെയാണ് പ്രഭാസ് അഭിനയിക്കുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്താണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ ‘റിയൽ​’ ആക്ഷൻ സീനുകളാണ് ഉള്ളതെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് ശങ്കർ ഈഷൻ ലോയ് ത്രയങ്ങളാണെങ്കിലും ഈ വീഡിയോയുടെ മ്യൂസിക് കമ്പോസ് ചെയ്തിരിക്കുന്നത് എസ് തമാൻ ആണ്.

‘റണ്‍ രാജാ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് ‘സാഹോ’യുടെ സംവിധായകൻ. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, വിക്രം റെഡ്ഡി എന്നിവരാണ് യുവി ക്രിയേഷന്‍സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്‌ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

മുഖം മറച്ച് പ്രഭാസ്; ‘സാഹോ’യുടെ ഫസ്റ്റ് ലുക്ക് ഇങ്ങനെ!

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ‘സാഹോ’യില്‍ ശ്രദ്ധ കപൂറാണ് പ്രഭാസിന്റെ നായിക. ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സാഹോയിൽ മലയാളത്തിൽ നിന്ന് ലാലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബാഹുബലിക്കുവേണ്ടി നീണ്ട അഞ്ച് വര്‍ഷം മാറ്റിവച്ച് സിനിമയോടുള്ള ആത്മസമര്‍പ്പണം തെളിയിച്ച പ്രഭാസിന്റെ പുതിയ ചിത്രമായ ‘സാഹോ’യും വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ‘ബാഹൂബലി: ദി കണ്‍ക്ലൂഷന്റെ’ റിലീസിനു തൊട്ടുമുമ്പാണ് ആക്ഷന്‍ ചിത്രമായ ‘സാഹോ’യുടെ ടീസര്‍ പുറത്തുവിട്ട് പ്രഭാസ് ആരാധകരെ ഞെട്ടിച്ചത്.

ബാഹുബലിയുടെ വിജയത്തോടെ ആഗോളതാരമായി മാറിയ പ്രഭാസ് ‘സാഹോ’യ്ക്ക് റെക്കോർഡ് പ്രതിഫലമാണ് വാങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ 30 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. ചിത്രത്തിലെ നായികയായ ശ്രദ്ധ കപൂറിന്റെ പ്രതിഫലവും വാർത്തയായിരുന്നു.​ആദ്യം 12 കോടി പ്രതിഫലതുകയായി ആവശ്യപ്പെട്ട ശ്രദ്ധ പിന്നീട് 9 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്.

ബാഹുബലിയുടെ റെക്കോഡ് ഇതിനോടകം തന്നെ സാഹോ മറികടന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 400 കോടിയ്ക്ക് ഇറോസ് ഇറോസ് ഇന്‍റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ