ബാഹുബലിയുടെ വിജയം പ്രഭാസിനെ ലോക പ്രശസ്‌തനാക്കിയിരിക്കുകയാണ്. നിരവധി പരസ്യദാതാക്കളാണ് നടൻ പ്രഭാസിനെ സമീപിക്കുന്നത്. ഏവർക്കും ഒരേയൊരു ലക്ഷ്യം മാത്രം. പ്രഭാസിനെ തങ്ങളുടെ ബ്രാൻഡ് അംബാസിഡറാക്കുക. ഇതിൽ വിജയിച്ചിരിക്കുകയാണ് ജിയോണി. സ്‌മാർട്ട് ഫോൺ നിർമ്മാതാക്കളായ ജിയോണിയുടെ ബ്രാൻഡ് അംബാസിഡറായിരിക്കുകയാണ് പ്രഭാസ്. നിലവിൽ യുവതാരങ്ങളായ വിരാട് കോഹ്‌ലി, ആലിയ ഭട്ട്, ശ്രുതി ഹാസൻ, ദുൽഖർ സൽമാൻ, ദിൽജിത്ത് ദോസാഞ്ച് എന്നിവർ ജിയോണിയുമായി കരാർ ഒപ്പിട്ടിരുന്നു. പ്രഭാസുമായുളള കരാർ അറിയിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ജിയോണി ഒരു പ്രസ്‌താവനയലൂടെ അറിയിച്ചു.

നേരത്തെ വലിയൊരു തുകയുടെ പരസ്യം പ്രഭാസ് വേണ്ടെന്നുവച്ചിരുന്നു. 2011ലാണ് ബാഹുബലി തുടങ്ങിയത്. അതിന് ശേഷം വന്ന പരസ്യ ഓഫറുകൾ പ്രഭാസ് വേണ്ടെന്ന് വെച്ചിരുന്നു. അതിൽ ഒരു പരസ്യ കമ്പനി അവരുടെ ബ്രാൻഡ് അംബാസിഡറാവാനായി 18 കോടി രൂപ പ്രഭാസിന് ഓഫർ ചെയ്‌തിരുന്നു. എന്നാൽ പ്രഭാസ് അത് നിരസിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും പ്രഭാസിന് നിരവധി ഓഫറുകൾ ലഭിച്ചിരുന്നു. ബാഹുബലി 2 വിന്റെ ചിത്രീകരണ സമയത്ത് 10 കോടിയുടെ പരസ്യ ഓഫർ പ്രഭാസിന് ലഭിച്ചിരുന്നതായും എന്നാൽ പ്രഭാസ് ഇത് വേണ്ടെന്നു വച്ചതായും സംവിധായകൻ എസ്.എസ്. രാജമൗലി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

നിലവിൽ യുഎസിലാണ് പ്രഭാസ്. ഒരു മാസത്തിനുശേഷം മാത്രമേ താരം ഇന്ത്യയിലേക്ക് മടങ്ങി വരൂ. തിരിച്ചു വന്നാൽ തന്റെ പുതിയ ചിത്രമായ സാഹോയ്ക്കൊപ്പം ചേരും. ജൂലൈയിലാണ് സാഹോയുടെ ഷൂട്ടിങ് തുടങ്ങുക

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ