സ്വയം നിരീക്ഷണത്തിൽ തുടരാൻ തീരുമാനിച്ചതായി തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസ് അറിയിച്ചു. വിദേശത്ത് ഷൂട്ടിങ് ഷെഡ്യൂളിന് ശേഷം താരം അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.

Read More: ഞാനവനെ ഗ്ലാസിനപ്പുറം നിന്നാണ് കാണുന്നത്; ഐസൊലേഷനിലുള്ള മകനെക്കുറിച്ച് സുഹാസിനി

“കോവിഡ്-19 ന്റെ അപകടസാധ്യതകളുടെ വെളിച്ചത്തിൽ, വിദേശത്ത് നിന്ന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് സുരക്ഷിതനായി മടങ്ങിയെത്തിയ ഞാൻ സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചു.. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു,” പ്രഭാസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

അതേസമയം, നടി സുഹാസിനിയുടേയും സംവിധായകൻ മണിരത്നത്തിന്റേയും മകൻ നന്ദൻ ഐസൊലേഷനിൽ പ്രവേശിച്ചിട്ടുണ്ട്. മാർച്ച് 18ന് ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ മകന് പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെന്നും, എന്നാൽ സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിക്കുകയാണ് തങ്ങളെന്നും സുഹാസിനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

“ഞങ്ങളുടെ മകൻ നന്ദൻ 18 ന് രാവിലെ ലണ്ടനിൽ നിന്ന് മടങ്ങിയെത്തി. രോഗലക്ഷണങ്ങളൊന്നുമില്ല, പക്ഷേ സ്വയം ഐസൊലേഷനിലാകാൻ തീരുമാനിച്ചു. ഇന്ന് അഞ്ചാം ദിവസം ആണ്. ഞാൻ അവനെ ഒരു ഗ്ലാസ് വിൻഡോയിലൂടെ കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നു. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വയ്ക്കുന്നു. അവൻ ഉപയോഗിച്ച വസ്ത്രങ്ങൾ ഞങ്ങൾ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയായി കഴുകുന്നു. അവന് വൈറസ് ഇല്ലെന്ന് ഓർക്കുക, പക്ഷേ അവൻ യൂറോപ്പിൽ യാത്ര ചെയ്തിട്ടുണ്ട്. നമുക്കെല്ലാവർക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ അത് ആവശ്യമാണ്,” മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുഹാസിനി കുറിച്ചു.

അതേസമയം, ഞായറാഴ്ച ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 324 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് കോവിഡ് ബാധയിൽ അഞ്ചാമത്തെ മരണവും റിപ്പോർട്ട് ചെയ്തു. മാർച്ച് 19 ന് മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 63 കാരനാണ് മരിച്ചത്. ജലദോഷത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിലെ രണ്ടാമത്തെ മരണമാണിത്. ഇന്ത്യയിലുടനീളം, വൈറൽ അണുബാധയെ തുടർന്ന് അഞ്ച് പേർ മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook