ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്ക ഷെട്ടിയും. ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായി മാറി ഇരുവരും. കൂടാതെ ജീവിതത്തിലും ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. എങ്കിലും പ്രഭാസിന് അനുഷ്കയെ കുറിച്ചൊരു പരാതിയുണ്ട്. തന്റെ പുതിയ ചിത്രം സാഹോയുടെ പ്രചരണാർഥം നൽകിയ അഭിമുഖത്തിലാണ്, അനുഷ്കയ്ക്ക് വിളിച്ചാൽ ഫോൺ എടുക്കാത്ത സ്വഭാവം ഉണ്ടെന്നാണ് പ്രഭാസ് തുറന്ന് പറഞ്ഞത്.
അനുഷ്ക ഷെട്ടിയുടെ സൗന്ദര്യത്തെയും ഉയരത്തെയും അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഫോൺ ചെയ്താൽ ഒരിക്കലും കൃത്യ സമയത്ത് അനുഷ്കയെ കിട്ടില്ലെന്നാണ് പ്രഭാസ് പറയുന്നത്. കാജൽ അഗർവാളിനെയും പ്രഭാസ് പ്രശംസിച്ചു. കാജൽ അഗർവാൾ സുന്ദരിയാണെന്നും, നല്ല ഫാഷൻ സെൻസും ഊർജസ്വലതയുമുണ്ടെന്നും പ്രഭാസ് പറഞ്ഞു. പ്രഭാസിനൊപ്പം അഭിനയിച്ച താരങ്ങളാണ് രണ്ടു പേരും.
Read More: അനുഷ്ക ഷെട്ടിക്കായി ‘സാഹോ’യുടെ പ്രത്യേക പ്രദര്‍ശനമൊരുക്കാന്‍ പ്രഭാസ്?
ബാഹുബലിയുടെ റിലീസിന് ശേഷം അനുഷ്കയും പ്രഭാസും പ്രണയത്തിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇരു താരങ്ങളും ഇത് നിഷേധിക്കുകയാണ് ചെയ്തത്. തങ്ങൾ ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും വെളിപ്പെടുത്തി. പുതിയ ചിത്രം സാഹോ റിലീസിനൊരുങ്ങുമ്പോൾ പ്രഭാസിന്റെ വിവാഹ വാർത്തകളും ഇരുവരേയും കുറിച്ചുള്ള ഗോസിപ്പുകളും വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. അനുഷ്കയ്ക്കായി പ്രഭാസ് സാഹോയുടെ പ്രത്യേക പ്രദർശനം ഒരുക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തെലുങ്ക് ചിത്രമായ ഡാർലിങ്ങിലൂടെയാണ് പ്രഭാസും അനുഷ്കയും ആദ്യമായി ഒന്നിച്ചത്. അന്നു മുതൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ‘മിർച്ചി’ക്കും ‘ബാഹുബലി’ക്കും ശേഷം അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.
പ്രഭാസും അനുഷ്കയും ഒരു സിനിമയിൽ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങൾ നിറയുന്നത് ഇരുവരുടെയും പ്രണയവാർത്തകളായിരിക്കും. “ഇത്തരത്തിലുളള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു”, പ്രഭാസ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെ.

”പ്രഭാസും ഞാനും വിവാഹിതരാകാൻ പോകുന്നില്ല. ബാഹുബലി-ദേവസേന പോലെയുളള കെമിസ്ട്രി യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കരുത്. അത് സ്ക്രീനിൽ മാത്രമാണ്”, പ്രഭാസുമായുളള വിവാഹ വാർത്തകളോടുളള അനുഷ്കയുടെ പ്രതികരണം ഇതായിരുന്നു.
അതേസമയം, സാഹോയുടെ റിലീസിന് ശേഷം പ്രഭാസിന്റെ വിവാഹം ഉണ്ടാകുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഒരു വ്യവസായിയുടെ മകളുമായി പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാഹോയുടെ റിലീസിന് ശേഷം ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുന്നു.
വർഷങ്ങളായി പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു. എന്നിരുന്നാലും, അതേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു പ്രഭാസ്. നേരത്തെ പ്രഭാസിന്റെ അമ്മാവൻ കൃഷ്ണം രാജു താരം ഉടൻ തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.