ബാഹുബലിയിലെ ദേവസേനയ്ക്കു പിന്നാലെ ബാഗ്‌മതിയിലൂടെ മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുകയാണ് അനുഷ്ക ഷെട്ടി. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹൊറർ ചിത്രത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു ടീസർ. മുറിവേറ്റ ശരീരവും കൈയ്യില്‍ ചോരനിറഞ്ഞ ചുറ്റികയും പിടിച്ചു നിൽക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു. അടുത്തവര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് അനുഷ്‌ക എത്തുക.

ചിത്രത്തിന്റെ ടീസർ കണ്ട പ്രഭാസ് അനുഷ്കയെ പ്രശംസിച്ചിരിക്കുകയാണ്. തന്റ ഓരോ ചിത്രവും വ്യത്യസ്തമായ രീതിയിൽ എപ്പോഴും ചെയ്യുന്ന നടിയാണ് അനുഷ്കയെന്നും സ്വീറ്റിക്കും യുവി ക്രിയേഷൻസിന്റെ മുഴുവൻ ടീീമിനും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും പ്രഭാസ് തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. ചിത്രത്തിന്റെ ടീസറും പ്രഭാസ് ഷെയർ ചെയ്തിട്ടുണ്ട്. അനുഷ്കയുടെ ഓമനപ്പേരാണ് സ്വീറ്റി.

പ്രഭാസ് അനുഷ്കയുമായി പ്രണയത്തിലാണെന്നും ഉടൻതന്നെ ഇരുവരും വിവാഹം കഴിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബാഹുബലി 2 പുറത്തിറങ്ങിയതിനുപിന്നാലെയാണ് അനുഷ്കയും പ്രഭാസും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നത്. ഒടുവിൽ ഇതിൽ അതൃപ്തി അറിയിച്ച് അനുഷ്ക മറുപടി പറയുകയും ചെയ്തു. താൻ ഒപ്പം അഭിനയിക്കുന്ന നടന്മാർക്കൊപ്പം തന്റെ പേരും ചേർത്ത് വാർത്തകൾ മെനയുന്നത് മാധ്യമങ്ങളുടെ ശീലമായി മാറിയിട്ടുണ്ടെന്നായിരുന്നു അനുഷ്കയുടെ പ്രതികരണം. ഇതിനുപിന്നാലെ ഇക്കാര്യത്തിൽ പ്രഭാസിന്റെയും മറുപടി വന്നു. പ്രണയത്തിലല്ലെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ