അമരേന്ദ്ര ബാഹുബലി പോർക്കളത്തിൽ ശത്രുക്കളെ അരിഞ്ഞു വീഴ്ത്തിയ വാൾ ഇനി നടൻ വിക്രം പ്രഭുവിന്റെ മകന് സ്വന്തം. ബാഹുബലി ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ അമരേന്ദ്ര ബാഹുബലിയുടെ ആരാധകരായി മാറിയത് ഒട്ടേറെ കുട്ടികളാണ്. അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും അഭിനയിച്ചു തകർത്ത പ്രഭാസാണ് കുട്ടികളുടെ ഇപ്പോഴത്തെ സൂപ്പർ ഹീറോ. വിക്രം പ്രഭുവിന്റെ മകൻ വിരാടിന്റെ സൂപ്പർ ഹീറോയും പ്രഭാസ് തന്നെയാണ്. അതേ സൂപ്പർ ഹീറോയിൽനിന്നും ഒരിക്കലും മറക്കാനാവാത്ത പിറന്നാൾ സമ്മാനമാണ് വിരാടിന് ലഭിച്ചിരിക്കുന്നത്.

അമരേന്ദ്ര ബാഹുബലി തന്റെ ജീവനെപ്പോലെ സ്നേഹിച്ച വാൾ ആണ് പ്രഭാസ് പിറന്നാൾ സമ്മാനമായി വിരാടിന് നൽകിയത്. വാളിന്റെ ചിത്രം വിക്രം പ്രഭു തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം മകന് നൽകിയ അമൂല്യ സമ്മാനത്തിന് നന്ദിയും പറഞ്ഞിട്ടുണ്ട്.

സാഹോ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ പ്രഭാസ്. 200 കോടി ബജറ്റിലാണ് സാഹോ ഒരുങ്ങുന്നതെന്നാണ് വിവരം. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ കെന്നി ബേറ്റ്സ് ആണ് സാഹോയിലെ സ്റ്റണ്ട് സീനുകൾ ഒരുക്കുന്നതെന്നും സൂചനയുണ്ട്. ഹൈദരാബാദ്, മുംബൈ, ദുബായ്, അബുദാബി, യൂറോപ്പ് എന്നിവിടങ്ങളിലാണ് സാഹോയുടെ ലൊക്കേഷൻ. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ നാലു ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ