മകർ സംക്രാന്തി ആഘോഷത്തിന് രാധേ ശ്യാം സിനിമയുടെ യൂണിറ്റ് അംഗങ്ങൾക്കെല്ലാം സമ്മാനം നൽകിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. ടൈറ്റാനിന്റെ ട്രാക് ബ്രാൻഡിലുള്ള വാച്ചുകളാണ് പ്രഭാസ് യൂണിറ്റ് അംഗങ്ങൾക്ക് സമ്മാനമായി നൽകിയത്. പിആർഒ ബിഎ രാജു ഈ സമ്മാനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
Darling #Prabhas gifted wrist watches to #RadheShyam unit for Sankranthi pic.twitter.com/iRlbU4DQq6
— BARaju (@baraju_SuperHit) January 17, 2021
രാധാ കൃഷ്ണകുമാറാണ് പ്രഭാസ് നായകനാവുന്ന “രാധേശ്യാം” സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെയാണ് നായിക. ഹിന്ദിയിലും തെലുങ്കിലുമായി സ്ക്രീനിലെത്തുന്ന രാധേശ്യാമിൽ മിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. മുതിർന്ന നടി ഭാഗ്യശ്രീ ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നു. 1970 ലെ യൂറോപ്പിൽ നടക്കുന്ന ഒരു റൊമാന്റിക് ഡ്രാമയാണ് ഈ ചിത്രം.
Read More: രണ്ടാമതൊന്ന് ആലോചിക്കാനില്ല, അത് പ്രഭാസ് തന്നെ; അല്ലു അർജുൻ പറയുന്നു
ചിത്രത്തിന്റെ ഷൂട്ടിങ് 2018 ഒക്ടോബർ 6 ന് ആരംഭിച്ചിരുന്നു. ഹൈദരാബാദ്, ഇറ്റലിയിലെ ടൂറിൻ, ജോർജിയ എന്നിവിടങ്ങളിൽ ചിത്രീകരണം നടന്നിരുന്നു. 2020 മാർച്ചിൽ കോവിഡ്-19 മഹാമാരി കാരണം ചിത്രം താൽക്കാലികമായി നിർത്തിവച്ചിരുന്നു. 2020 ഒക്ടോബറിൽ ഇറ്റലിയിൽ ചിത്രീകരണം പുനരാരംഭിച്ചു. ഡിസംബറിൽ ഹൈദരാബാദിലെ ഫലക്നുമ പാലസിൽ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.
രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ആണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ‘ആദിപുരുഷി’ല്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്.
Read More: രാമനായി പ്രഭാസ്, രാവണനായി സെയ്ഫ് അലിഖാൻ
ത്രിഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കും. കൂടാതെ തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും. ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 2022 ല്‍ റിലീസിനായി തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.