സംവിധായകന്‍ എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് പ്രഭാസ്. പ്രഭാസിന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ എക്കാലത്തും ചര്‍ച്ചാവിഷയമായിരുന്നു. ബാഹുബലിയില്‍ പ്രഭാസിന്റെ നായികയായെത്തിയ അനുഷ്‌ക ഷെട്ടിയുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമായിരുന്നു ആദ്യം പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ഇരുവരും നിഷേധിക്കുകയായിരുന്നു.
ഒരിടവേളയ്ക്കു ശേഷം ആരാധകര്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രഭാസിന്റെ വിവാഹം ചര്‍ച്ച ചെയ്യുകയാണ്. ഇത്തവണ വധുവിന്റെ സ്ഥാനത്ത് അനുഷ്‌ക ഷെട്ടിയുടെ പേരല്ല. ചിരഞ്ജീവിയുടെ മരുമകളും നാഗേന്ദ്ര ബാബുവിന്റെ മകളുമായ നിഹാരികയെയാണ് പ്രഭാസ് വിവാഹം കഴിക്കാന്‍ പോകുന്നതെന്നായിരുന്നു പുതിയ ചര്‍ച്ചകളിലെ പ്രചരണം. ചില തെലുങ്കു മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു.
വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതിന്റെ തൊട്ടുപിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ചിരഞ്ജീവി തന്നെ എത്തിയിരിക്കുകയാണ്. ഇത്തരം വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നും, നിഹാരിക ഇപ്പോള്‍ കരിയറില്‍ ശ്രദ്ധിക്കുകയാണ്, തത്ക്കാലം വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ചിരഞ്ജീവി വെളിപ്പെടുത്തി.
സുമന്ത് അശ്വിന്‍ നായകനാകുന്ന ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ് നിഹാരിക. മെയ് 20ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിരഞ്ജീവി നായകനാകുന്ന സായ് രാ നരസിംഹ റെഡ്ഡി എന്ന സിനിമയില്‍ നിഹാരിക അതിഥി വേഷത്തില്‍ അഭിനയിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നയന്‍താര, സുദീപ് എന്നിവരുമുണ്ട്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ നിഹാരികയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവാകും ഈ കഥാപാത്രം.