ബാഹുലബി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ആരാധിച്ച നടനാണ് പ്രഭാസ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയതോടെ പ്രഭാസിന്റെ താരമൂല്യം കുത്തനെ ഉയരുകയും ചെയ്തു. ഒന്നാം ഭാഗത്തേക്കാളും വലിയ വിജയമായിരുന്നു ബാഹുബലിയുടെ രണ്ടാം ഭാഗം. ഇത് ആരാധകര്‍ക്കിടയില്‍ പ്രഭാസിനോടുളള ആരാധന ഒന്ന് കൂടെ ഉയര്‍ത്തി.
ഈ ചിത്രത്തിന് ശേഷം പ്രഭാസിന്റെ സാഹോയ്ക്ക് വേണ്ടിയാണ് ആരാധകരുടെ കാത്തിരിപ്പ്. ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രമാണ് സാഹോ. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.
സാഹോയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം അമേരിക്കയിലെത്തിയിരുന്നു. ഇതിനിടെ ലോസ് ആഞ്ജല്സ് വിമാനത്താവളത്തില്‍ വെച്ച് നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്. വിമാനത്താവളത്തില്‍ വെച്ച് പ്രഭാസിനൊപ്പം ചിത്രം പകര്‍ത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ആരാധിക എത്തി. വളരെ സന്തോഷത്തിലായിരുന്ന ആരാധിക അദ്ദേഹത്തിനൊപ്പം ചിത്രം എടുക്കുകയും ചെയ്തു. എന്നാല്‍ പ്രഭാസിനെ കണ്ട് ആകാംക്ഷയിലായിരുന്ന ആരാധിക അദ്ദേഹത്തിന്റെ മുഖത്ത് ചെറുതായൊന്ന് അടിക്കുകയും ചെയ്തു.
പെണ്‍കുട്ടി അടിച്ച് തിരികെ പോയതിന് ശേഷം പുഞ്ചിരിച്ചു കൊണ്ട് പ്രഭാസ് തന്റെ മുഖത്ത് കൈ കൊണ്ട് തടവുന്നതും വീഡിയോയില്‍ കാണാം. ആരാധകരുടെ കൂടെ നില്ക്കുമ്പോള് താന്‍ ഏറെ നാണിച്ച് പോവാറുളളതായി പ്രഭാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് ആരാധികമാരാണെങ്കില് താന്‍ നാണംകുണുങ്ങി ആയി മാറുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.