scorecardresearch

ബാഹുബലിയുടെ വിജയം ഇടയ്‌ക്കെന്നെ തളർത്തുന്നു, സമ്മർദ്ദം വലുതാണ്: പ്രഭാസ്

“തീർച്ചയായും ബാഹുബലി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, പക്ഷേ താരങ്ങൾ എപ്പോഴും 500 കോടി ഉണ്ടാക്കണമെന്നില്ല”

Prabhas, Prabhas Bahubali

ബാഹുബലിയെന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ നടനാണ് പ്രഭാസ്. പ്രഭാസിന്റെ കരിയറിലെ ഒരു ടേണിംഗ് പോയിന്റ് തന്നെയായിരുന്നു രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. എന്നാൽ, ആ ബ്രഹ്മാണ്ഡചിത്രത്തിന്റെ വിജയം കരിയറിൽ തനിക്കു നൽകുന്ന സമ്മർദ്ദം വലുതാണെന്ന് തുറന്നു പറയുകയാണ് പ്രഭാസ്.

“തീർച്ചയായും, ഏതൊരു ബിസിനസ്സിലും മത്സരം ഉണ്ട്. ഒരു പാൻ-ഇന്ത്യൻ സിനിമയെ സംബന്ധിച്ച യഥാർത്ഥ സമ്മർദ്ദം പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് അറിയുക എന്നതാണ്. പഞ്ചാബി പ്രേക്ഷകർ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഒരു തെലുങ്ക് ചലച്ചിത്ര നിർമ്മാതാവിന് എല്ലായ്പ്പോഴും അറിയില്ല. വർഷങ്ങളായി, ബോളിവുഡ് ഉത്തരേന്ത്യൻ പ്രേക്ഷകരെ പരിചരിക്കുന്നു. ഞങ്ങൾക്ക് മുഗൾ-ഇ-ആസാം, മദർ ഇന്ത്യ തുടങ്ങിയ സിനിമകൾ ഉണ്ട്; തമിഴ് സിനിമയിൽ രജനി സാറും വിജയും ഉണ്ട്, വർഷങ്ങളായി അവർ മികച്ച ചിത്രങ്ങൾ നൽകുന്നു. ഏത് കഥയാണ് രാജ്യം മുഴുവൻ ഇഷ്ടപ്പെടുക എന്നറിയുക എളുപ്പമല്ല. ഇത് അഭിനേതാക്കൾ തമ്മിലുള്ള മത്സരമല്ല, മറിച്ച് നമുക്ക് പ്രേക്ഷകർക്ക് എന്ത് നൽകാൻ കഴിയും, അത് എങ്ങനെ നൽകാം എന്ന കാര്യത്തിലാണ് സമ്മർദ്ദമുള്ളത്. പാൻ-ഇന്ത്യ സിനിമകൾക്ക് ഒരു ഹിറ്റ് ഫോർമുലയില്ല,” പ്രഭാസ് പറയുന്നു. പ്രഭാസിന്റെ പുതിയ ചിത്രം രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്.

ബാഹുബലി ബോക്‌സ് ഓഫീസിൽ നിന്നും 511 കോടിയാണ് കളക്റ്റ് ചെയ്തത്. “തീർച്ചയായും ബാഹുബലി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, പക്ഷേ താരങ്ങൾ എപ്പോഴും 500 കോടി ഉണ്ടാക്കണമെന്നില്ല. രാജ്യത്ത് എല്ലായിടത്തും സൂപ്പർ താരങ്ങളുണ്ട്, എല്ലാവരും നല്ല ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു.അതാണ് അവർക്ക് കൂടുതൽ പ്രധാനമെന്ന് ഞാൻ കരുതുന്നു.”

ബാഹുബലി ചിത്രങ്ങൾ പുറത്തിറങ്ങി അഞ്ച് വർഷം കഴിഞ്ഞെങ്കിലും ഇന്നും പ്രഭാസിന്റെ മേൽവിലാസം ബാഹുബലിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. “ബാഹുബലിയിലൂടെ എനിക്ക് വലിയൊരു ഭാഗ്യം ലഭിച്ചു, അത് എന്റെ ആരാധകർക്കായി വീണ്ടും വീണ്ടും പെർഫോം ചെയ്യാനും വാണിജ്യ സിനിമകൾ ചെയ്യാനുമുള്ള ഉത്തരവാദിത്വം എന്നിലുണ്ടാക്കി. ആക്ഷൻ സിനിമകൾ ചെയ്യൽ എന്നെ സംബന്ധിച്ച് താരതമ്യേന എളുപ്പമാണ്, എന്നാൽ വ്യത്യസ്ത ജോണറുകൾ പരീക്ഷിക്കാനാണ് ഞാനാഗ്രഹിക്കുന്നത്,” താരം പറയുന്നു.

തന്റെ എല്ലാ സിനിമകളും ബാഹുബലിയുമായി താരതമ്യപ്പെടുത്തുമ്പോൾ അതു ചിലപ്പോഴൊക്കെ തനിക്ക് സമ്മർദ്ദമുണ്ടാക്കാറുണ്ടെന്നും പ്രഭാസ് വെളിപ്പെടുത്തി. തെലുങ്ക് സിനിമയുടെ ബാഹുബലി എന്നാണ് പ്രഭാസ് പലപ്പോഴും അറിയപ്പെടുന്നത്.

“ബാഹുബലി എനിക്ക് ഒരുപാട് നേട്ടങ്ങൾ തന്നു, എന്റെ ജീവിതകാലം മുഴുവൻ ബാഹുബലിയെന്ന് വിളിക്കപ്പെടുന്നതിലും എനിക്ക് പ്രശ്‌നമില്ല. എന്നാൽ അതിനു ശേഷമുള്ള പ്രതീക്ഷകൾ… എപ്പോഴും അവിടെയെത്താൻ ബുദ്ധിമുട്ടാണെന്നതാണ് സത്യം. പെട്ടെന്നൊരുനാൾ ഒരു സംസ്ഥാനത്ത് നിന്നുള്ള സിനിമ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു, ഏറെ പ്രതികരണം ലഭിക്കുന്നു, അതിനാൽ ആ സ്ട്രെസ് പോയിന്റ് തീർച്ചയായുമുണ്ടാകും. ബാഹുബലി വളരെ വലുതായിരുന്നു, ഒന്നാം ഭാഗവും പിന്നെ രണ്ടാം ഭാഗവുമുണ്ടായി. ഇപ്പോഴും ചിത്രം ടിവിയിൽ വരുമ്പോൾ ആളുകൾ എന്നെ വിളിക്കുന്നു. ബാഹുബലി എന്നോടൊപ്പം എന്നും ചേർന്നിരിക്കും. എന്നാൽ എന്റെയെല്ലാ സിനിമകളും വ്യത്യസ്‌തമാണെന്നും, എല്ലാം ബാഹുബലിയെപ്പോലെ ആകാൻ പോകുന്നില്ലെന്നും കൂടി മനസ്സിലാക്കേണ്ടതുണ്ട്.”

ബാഹുബലിക്ക് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങൾ മാത്രമാണ് പ്രഭാസ് ചെയ്തിട്ടുള്ളത്. 350 കോടി രൂപ മുതൽമുടക്കിയ സുജീത്തിന്റെ സാഹോയാണ് അക്കൂട്ടത്തിലെ അവസാന ചിത്രം. “ചെറിയ ബജറ്റ് സിനിമകളിൽ പ്രവർത്തിക്കുമ്പോൾ എളുപ്പമാണ്. നിങ്ങൾക്ക് നല്ല ഓപ്പണിംഗ് ലഭിക്കുകയും സിനിമ കുറച്ച് ദിവസത്തേക്ക് പിടിച്ചുനിൽക്കുകയും ചെയ്താൽ നമുക്ക് രക്ഷപ്പെടാം. പക്ഷേ, ബജറ്റ് വലുതാകുമ്പോൾ, സമ്മർദ്ദവും വലുതാണ്, സിനിമ ഹിറ്റാകണം! ഏതു വിധേനയും ഹിറ്റാകണം എന്നതാണ് അവസ്ഥ.”

“സിനിമയുടെ സ്കെയിലിനെക്കുറിച്ച് പറയുമ്പോൾ, എല്ലാ സിനിമയും അങ്ങനെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അടുത്തതായി ഒരു കോമഡി സിനിമയാണ് ഞാൻ പ്ലാൻ ചെയ്യുന്നത്. രണ്ടോ മൂന്നോ വലിയ സിനിമകൾക്ക് ശേഷം, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഒരുനാൾ എനിക്കൊരു ആർട്ട് ഫിലിം ചെയ്യണം, ഇപ്പോൾ ഞാൻ തയ്യാറല്ല, പക്ഷേ വളരെ ചെറിയ ഒരു റിയലിസ്റ്റിക് സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഞാൻ മാനസികമായി തയ്യാറാണ്, ”പ്രഭാസ് കൂട്ടിച്ചേർക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prabhas confesses baahubalis success bogs him down

Best of Express