ബാഹുബലി 2 വിലെ കഥാപാത്രത്തിനായി നടൻ പ്രഭാസും റാണ ദഗ്ഗുബട്ടിയും കർശനമായ ഡയറ്റാണ് എടുത്തിരുന്നത്. ഇരുവരും തങ്ങൾക്ക് ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും ഇതിനായി ഉപേക്ഷിച്ചു. ഇപ്പോഴിതാ പ്രഭാസിന്റെ ഡയറ്റിലെ തമാശ നിറഞ്ഞൊരു കാര്യം സംവിധായകൻ എസ്.എസ്.രാജമൗലി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കർശനമായ ഡയറ്റിനിടയിൽ ഒരു ദിവസം പ്രഭാസും റാണയും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമെന്നും അന്നേ ദിവസം പ്രഭാസ് 15 വ്യത്യസ്ത ബിരിയാണി കഴിക്കുമെന്നാണ് രാജമൗലി പറഞ്ഞിരിക്കുന്നത്. അടുത്തിടെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബാഹുബലി 2 വിന്റെ സ്ക്രീനിങ് നടന്നിരുന്നു. അവിടെ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തിയത്.

”മാസത്തിൽ ഒരു ദിവസവും രണ്ടുപേരും ഇഷ്ടമുളള ഭക്ഷണം കഴിക്കും. അന്നേ ദിവസം പ്രഭാസ് പത്തോ പതിനഞ്ചോ തരത്തിലുളള ബിരിയാണി കഴിക്കും. ബിരിയാണി മാത്രമാണ് കഴിക്കുക. ഇത്രയും വ്യത്യസ്തകളുളള ബിരിയാണിയുണ്ടോയെന്നു നിങ്ങളിലാർക്കും അറിവുണ്ടാവില്ല. മൽസ്യം, ചിക്കൻ, മട്ടൺ തുടങ്ങിയ പല വ്യത്യസ്ത ബിരിയാണികൾ കഴിക്കും. നിങ്ങൾക്കൊന്നും ചിന്തിക്കാൻ കഴിയാത്ത തരത്തിലുളള ബിരിയാണികളായിരിക്കും പ്രഭാസിന്റെ മുന്നിൽ കാണുകയെന്നും” രാജമൗലി പറഞ്ഞു.

”അന്നേദിവസം രാത്രി രണ്ടുമണിവരെ ഫുട്ബോൾ കളിക്കും. കളി പൂർത്തിയായാൽ തനിക്ക് മുന്നിൽ വച്ചിരിക്കുന്ന ഭക്ഷണം പ്രഭാസ് കഴിച്ചുതുടങ്ങും. ഒരു ദിവസം പ്രഭാസ് തന്റെ ബന്ധുവിനോട് ചട്നി എവിടെയെന്നു ചോദിച്ചു. അദ്ദേഹം ഉടൻ തന്നെ വീട്ടിലേക്കു പോയി. രാത്രി രണ്ടുമണിക്ക് ഭാര്യയെ വിളിച്ചുണർത്തി ചട്നി ഉണ്ടാക്കി കൊണ്ടുവന്നു. പ്രഭാസ് ആദ്യം അതു കഴിച്ചു. അതിനുശേഷം ബാക്കി ഭക്ഷണവും കഴിച്ചു. അതാണ് പ്രഭാസ്”- രാജമൗലി പറഞ്ഞു. രാജമൗലി തമാശയായിട്ടാണോ അതോ സീരിയസായിട്ടാണോ ഇതു പറഞ്ഞതെന്ന ആശങ്കയിലാണ് ഇപ്പോൾ ആരാധകർ.

അമരേന്ദ്ര ബാഹുബലി കഥാപാത്രത്തിനായി പ്രഭാസ് തന്റെ ഭാരം കൂട്ടിയിരുന്നു. 100 കിലോയോളം ഭാരമായിരുന്നു കഥാപാത്രമായി അഭിനയിക്കുന്ന സമയത്ത് പ്രഭാസിനുണ്ടായിരുന്നത്. ബാഹുബലിക്കുശേഷം താരം ഭാരം കുറയ്ക്കുകയും ചെയ്തു. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഷൂട്ടിങ്ങിന് തയാറെടുക്കുകയാണ് ഇപ്പോൾ പ്രഭാസ്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ