മുംബൈ: ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ നേടി മുന്നേറുന്ന ബാഹുബലിയുടെ അലയൊലികള്‍ അടങ്ങും മുമ്പെ സൂപ്പര്‍ താരം പ്രഭാസും രാജമൗലിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ഡി.എന്‍.എ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പുതിയ ചിത്രമായ സാഹോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോള്‍ പ്രഭാസ്. അതിന് ശേഷം രാജമൗലിയുമായി ഒന്നിക്കുമെന്നും ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. കാര്യങ്ങള്‍ ഇരുവര്‍ക്കും തൃപ്തികരമാണെങ്കില്‍ തിരക്കഥയിലേക്കും താമസിയാതെ നീങ്ങും.

പ്രഭാസിനെ ബോളിവുഡില്‍ അവതരിപ്പിക്കാന്‍ കരണ്‍ ജോഹര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വാര്‍ത്തയും. രാജമൗലിയായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നും വിവരമുണ്ടായിരുന്നു. എങ്കില്‍ മൂവരും ഒരേ ചിത്രത്തിനാണ് ഒന്നിക്കുക എന്നാണ് ചലച്ചിത്ര ലോകത്ത് നിന്നുളള വിവരങ്ങള്‍.

ബാഹുബലി 2വിന്റെ റിലീസിന് പിന്നാലെ കരണ്‍ ജോഹറും രാജമൗലിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അന്ന് ഒരു ചിത്രത്തിനായി ഒന്നിക്കുന്ന കാര്യവും ഇരുവരും സംസാരിച്ചിരുന്നു. ബോളിവുഡിലുള്ള പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് താത്പര്യമുണ്ടെന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം.

നേരത്തേ ഒരു അഭിമുഖ പരിപാടിയില്‍ വെച്ച് രാജമൗലിയുമായി ഒരു ചിത്രം ചെയ്യണമെന്ന തന്റെ ആഗ്രഹം കരണ്‍ ജോഹര്‍ തുറന്നുപറഞ്ഞിരുന്നു. പുതിയ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ മറ്റൊരു മെഗാ ഹിറ്റായിരിക്കും പിറക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ