താരങ്ങളായ കൃതി സാനോനും പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന സൂചനയാണ് നടൻ വരുൺ ധവാൻ നൽകിയിരിക്കുന്നത്. ഒരു റിയാലിറ്റി ഷോയിൽ അതിഥികളായി എത്തിയതായിരുന്നു വരുണും കൃതിയും. “കൃതിയുടെ ഹൃദയം മറ്റൊരാൾക്ക് വേണ്ടിയുളളതാണ്.അയാൾ ഇപ്പോൾ ദീപികയ്‌ക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്” വരുൺ പറഞ്ഞു. ദീപികയ്‌ക്കൊപ്പം ചെയ്യുന്ന ‘പ്രൊജക്ട് കെ’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ പ്രഭാസ്.
“എന്തുകൊണ്ടാണ് കൃതിയുടെ പേര് ഒരു ലിസ്റ്റിലും ഉൾപ്പെടാത്തത്” എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വരുൺ, “കൃതിയുടെ പേര് ഒരാളുടെ ഹൃദയത്തിലുണ്ട്. പക്ഷെ അയാൾ മുംബൈ സ്വദേശിയല്ല. ഇപ്പോൾ അദ്ദേഹം ദീപികയ്‌ക്കൊപ്പമാണ് ഷൂട്ട് ചെയ്യുന്നത്” വരുൺ പറയുന്നു. ഇതു കേട്ട് ചിരിക്കുന്ന കൃതിയെയും വീഡിയോയിൽ കാണാം.
കൃതിയുടെയും പ്രഭാസിന്റെയും ബന്ധത്തെക്കുറിച്ചുളള ചർച്ചകൾ ആരാധകർക്കിടയിൽ ഇതിനു മുൻപും ഉയർന്ന് കേട്ടിട്ടുണ്ട്. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ, “കല്യാണം, ഫ്ളേട്ട്, ഡെയ്റ്റ് എന്നിവ ചെയ്യാൻ ആരെയെല്ലാം തിരഞ്ഞെടുക്കും” എന്ന ചോദ്യത്തിന് “വിവാഹം ചെയ്യാൻ പ്രഭാസിനെയായിരിക്കും” എന്നായിരുന്നു കൃതിയുടെ മറുപടി. എന്തായാലും ഇവരുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇവർ ഒന്നിച്ചെത്തുന്ന ചിത്രം ‘ആദിപുരുഷി’ൽ രാമനും സീതയുമായാണ് ഇരുവരും വേഷമിടുന്നത്.