ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ പ്രണയത്തിന്റെ വെന്നിക്കൊടി പാറിച്ച കഥാപാത്രങ്ങളാണ് അമരേന്ദ്ര ബാഹുബലിയും ദേവസേനയും. ബാഹുബലിക്കൊപ്പം പ്രഭാസ്-അനുഷ്‌ക ജോഡികളെക്കൂടിയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തത്. ഇരുവരും പുതിയ പ്രണയ ചിത്രത്തിലൊന്നിക്കുന്നതായാണ് നിലവലില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇരുവരും പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നുവെന്നതിനൊപ്പം പ്രഭാസും അനുഷ്‌കയും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയികളാണ് എന്നുവരെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തകളെല്ലാം നിഷേധിക്കുകയായിരുന്നു. ഒടുവില്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്.

ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസും അനുഷ്‌കയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രണയചിത്രമായിരിക്കും ഇതെന്നാണ് വിവരം. ചിത്രത്തിലെ നായികാവേഷം ചെയ്യുന്നതിനായി നിര്‍മ്മാതാക്കള്‍ അനുഷ്‌കയെ സമീപിച്ചിട്ടുണ്ട്.

ബാഹുബലിയിൽ അനുഷ്കയും പ്രഭാസും

തന്റെ പുതിയ ചിത്രമായ സാഹോയുടെ ഷൂട്ടിങ് തിരക്കിലാണ് പ്രഭാസ് ഇപ്പോൾ. സാഹോ തീരാതെ മറ്റു പ്രോജക്ടുകളൊന്നും പ്രഭാസ് ഏറ്റെടുക്കില്ലെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ പുതിയ ചിത്രം ബാഗ്മതിയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് അനുഷ്‌കയും തിരക്കിലാണ്.

ബാഹുബലിയ്ക്കു ശേഷം പല ചിത്രങ്ങളിലും അനുഷ്‌ക-പ്രഭാസ് ജോഡികള്‍ ഒന്നിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രഭാസിന്റെ സാഹോയില്‍ നായികയായി അനുഷ്‌ക എത്തുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്തായാലും നിലവില്‍ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. സിനിമയില്‍ ആരൊക്കയുണ്ട് എന്നതിനെ സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. മാര്‍ച്ച് അവസാനത്തോടെ തീരുമാനമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ