പ്രഭാസ്-അനുഷ്ക ഷെട്ടി വിവാഹത്തെക്കുറിച്ചുളള ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബാഹുബലിയിൽ ഇരുവരും ജോഡിയായെത്തിയതോടെ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് പ്രഭാസും അനുഷ്കയും പറഞ്ഞിട്ടും ആരാധകർക്ക് മാത്രം അത് ഉൾക്കൊളളാനാവുന്നില്ല. അവർ ഇപ്പോഴും പ്രഭാസ്-അനുഷ്ക വിവാഹത്തിനായി കാത്തിരിക്കുകയാണ്.
പ്രഭാസും അനുഷ്കയും ഒരു സിനിമയിൽ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങൾ നിറയുന്നത് ഇരുവരുടെയും പ്രണയവാർത്തകളായിരിക്കും. “ഇത്തരത്തിലുളള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു”, പ്രഭാസ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെ.
”പ്രഭാസും ഞാനും വിവാഹിതരാകാൻ പോകുന്നില്ല. ബാഹുബലി-ദേവസേന പോലെയുളള കെമിസ്ട്രി യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കരുത്. അത് സ്ക്രീനിൽ മാത്രമാണ്”, പ്രഭാസുമായുളള വിവാഹ വാർത്തകളോടുളള അനുഷ്കയുടെ പ്രതികരണം ഇതായിരുന്നു.
ഇപ്പോഴിതാ ഗോസിപ്പുകൾക്ക് അനുഷ്കയുടെ അമ്മ മറുപടി പറഞ്ഞിരിക്കുന്നു. ”അവർ രണ്ടുപേരും താരങ്ങളാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. പ്രഭാസിനെപ്പോലെ മിസ്റ്റർ പെർഫെക്ട് ആയ ഒരാളെ അനുഷ്കയ്ക്ക് കിട്ടണമെന്നാണ് എന്റെയും ആഗ്രഹം. എന്നാൽ അനുഷ്കയും പ്രഭാസും സുഹൃത്തുക്കൾ മാത്രമാണ്. അവരുടെ വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ അവസാനിപ്പിക്കൂ”, അനുഷ്കയുടെ അമ്മ പറഞ്ഞതായി തെലുങ്ക് മാധ്യമമായ സാക്ഷി പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അനുഷ്ക എത്രയും പെട്ടെന്ന് വിവാഹിതയാകണമെന്ന് താൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു.
36 വയസ്സുളള അനുഷ്കയും 38 വയസ്സുളള പ്രഭാസും ഇപ്പോഴും വിവാഹിതരാകാതെ കഴിയുകയാണ്. ഉടനൊന്നും താൻ വിവാഹിതനാകാൻ തീരുമാനിച്ചിട്ടില്ലെന്നാണ് അടുത്തിടെ പ്രഭാസ് പറഞ്ഞത്. ‘സാഹോ’ എന്ന സിനിമയിലാണ് പ്രഭാസ് ഇപ്പോൾ അഭിനയിക്കുന്നത്. ബാഹുമതിക്കുശേഷം അനുഷ്കയുടെ പുതിയ ചിത്രത്തെക്കുറിച്ചുളള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.