/indian-express-malayalam/media/media_files/uploads/2023/07/PP-Kunhikrishnan-Devi-Varma.jpg)
പിപി കുഞ്ഞികൃഷ്ണനും ദേവി വർമ്മയും
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'ബെസ്റ്റ് ആക്ടര്‍' എന്ന ചിത്രത്തിൽ അഭിനയമോഹവുമായി തന്റെ മുന്നിലെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തോട് സംവിധായകൻ രഞ്ജിത്ത് പറയുന്ന ഒരു ഡയലോഗുണ്ട്. ‘മോഹന്‍ നിങ്ങള്‍ ഒരു നടനാവണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും’ രഞ്ജിത്തിന്റെ ഘനഗംഭീരമായ ശബ്ദത്തിൽ മുഴങ്ങുന്ന ആ ഡയലോഗ് എത്രയോ സിനിമാപ്രേമികൾക്ക് പിന്നീട് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോവാൻ ഊർജം പകർന്നിട്ടുണ്ട്.
സിനിമയെന്ന വിസ്മയലോകത്തേക്ക് എത്തിച്ചേരുന്നവരിൽ എല്ലാകാലത്തും രണ്ടുതരം ആളുകളാണ് ഉള്ളത്. ഒരു കൂട്ടർ സിനിമയെ തേടി അങ്ങോട്ട് ചെല്ലുന്നു. മറ്റൊരു കൂട്ടരെ, സിനിമ തേടിചെല്ലുന്നു. കാലം തനിക്കായി കാത്തുവച്ച കഥാപാത്രങ്ങളിലേക്കായി ഓർക്കാപ്പുറത്ത് ആ പ്രതിഭകൾ എത്തിചേരും! നിയോഗങ്ങളും വിസ്മയങ്ങളും നിറഞ്ഞ അപ്രതീക്ഷിതമായൊരു യാത്രയാണത്.
അങ്ങനെ ജീവിതത്തിന്റെ പകുതിയിലേറെ ദൂരം പിന്നിട്ടപ്പോൾ സിനിമ തേടിയെത്തിയ രണ്ടു പേർ കൂടി ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളുടെ ലിസ്റ്റിലുണ്ട്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ രസികൻ മജിസ്ട്രേറ്റായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പിപി കുഞ്ഞികൃഷ്ണനും 'സൗദി വെള്ളക്ക'യിലെ ഐഷ റാവുത്തറായി കാഴ്ചക്കാരുടെ കണ്ണു നനയിച്ച ദേവി വർമ്മയും. ആദ്യചിത്രത്തിലൂടെ തന്നെ ഇരുവരും സംസ്ഥാന പുരസ്കാരം കയ്യെത്തി തൊട്ടു എന്നതാണ് മറ്റൊരു കൗതുകം.
കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്ന പി പി കുഞ്ഞികൃഷ്ണന്റെ ആദ്യ സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’. റിട്ടയർമെന്റ് ജീവിതം പഞ്ചായത്ത് ജനപ്രതിനിധിയായും മറ്റും ചെലവഴിക്കുന്നതിനിടയിലാണ് കുഞ്ഞികൃഷ്ണന്റെ സിനിമാ അരങ്ങേറ്റം. സിനിമയിൽ ആദ്യമാണെങ്കിലും അഭിനയം കുഞ്ഞികൃഷ്ണന് പുതിയ കാര്യമല്ല, ഏതാനും നാടകങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്.
“എന്റെ ആദ്യചിത്രമാണിത്. ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ കണ്ടപ്പോൾ മറിമായം ഉണ്ണിരാജാണ് ഫോട്ടോ അയച്ചുകൊടുക്കാൻ പറയുന്നത്. ആദ്യം ഫോട്ടോ അയച്ചില്ല, പിന്നെയും ഉണ്ണിരാജ് നിർബന്ധിച്ചപ്പോഴാണ് അയച്ചത്. അതിനു ശേഷം കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവനും ടീമും മൂന്നു തവണയായി ഇന്റർവ്യൂ ചെയ്തു. ഒരു പ്രീ ഷൂട്ട് കൂടിയുണ്ട്, അതിൽ നന്നായാൽ സിനിമയിലെടുക്കും എന്നു പറഞ്ഞു. അങ്ങനെയാണ് ന്നാ താൻ കേസ് കൊടിലെ മജിസ്ട്രേറ്റായി മാറിയത്,” ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞതിങ്ങനെ.
സിനിമാലോകത്തേക്ക് വൈകി എത്തിയ താരോദയമാണ് ദേവി വർമ്മയും. 86-ാം വയസ്സിൽ സൗദി വെള്ളക്കയിലെ ആയിഷ റാവുത്തറായി എത്തുമ്പോൾ ദേവി വർമയ്ക്ക് അഭിനയത്തിൽ യാതൊരു മുൻപരിചയവുമില്ലായിരുന്നു. നാടകത്തിന്റെയോ അഭിനയത്തിന്റെയോ ഒന്നും യാതൊരുവിധ പശ്ചാത്തലവുമില്ല. എന്നിട്ടും കോടതിയിടപാടുകളിൽ കുരുങ്ങി നീതി തേടി അലഞ്ഞ ആ കഥാപാത്രത്തെ കയ്യടക്കത്തോടെ ദേവി വർമ്മ അവതരിപ്പിച്ചു. ഈ കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്തത് നടി പൗളി വൽസനാണ്. ദേവി വർമ്മയ്ക്ക് ശബ്ദം നൽകിയ പൗളി വൽസനു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചു എന്നതാണ് മറ്റൊരു സന്തോഷം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.