തന്നെ ഡബ്ബിങ് യൂണിയനില്‍ നിന്നും പുറത്താക്കിയതായി മനസ്സിലാക്കുന്നു എന്ന് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി. ഇന്ത്യയിലാകെ #MeToo വിവാദങ്ങള്‍ നടന്നു വരുന്ന സമയത്ത് തമിഴ് സിനിമയിലെ മുതിര്‍ന്ന ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ചിന്മയി ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ചിന്മയിയുടെ ആരോപണത്തെ വൈരമുത്തു നിഷേധിക്കുകയും ചെയ്തിരുന്നു.
തമിഴ് സിനിമാ രംഗത്തെ ആകമാനം ബാധിച്ച ഈ വിഷയത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ രണ്ടു ചേരികളിലുമായി വിഭജിക്കപ്പെട്ടു. ചിന്മയിയെ പിന്തുണച്ചു കൊണ്ട് ഒരു കൂട്ടം ആളുകള്‍ എത്തിയപ്പോള്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം, അത് നടന്ന സമയത്ത് പരാതി ഉന്നയിക്കാതെ, ഇപ്പോള്‍ പറയുന്നതിനോട് യോജിക്കാന്‍ ആവില്ല എന്ന് മറുകൂട്ടരും വാദിച്ചു. ചിന്മയി അംഗമായ ഡബ്ബിങ് യൂണിയനില്‍ എന്ത് കൊണ്ട് പരാതി നല്‍കിയില്ല എന്നൊരു ചോദ്യമാണ് അന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടത്.
ഇതേത്തുടര്‍ന്ന് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് ചിന്മയിയുടെ നേതൃത്വത്തില്‍ പത്രസമ്മേളനവും നടന്നു. ഇവിടേയും സിനിമാ ലോകം രണ്ടു ചേരികളില്‍ ആവുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഡബ്ബിങ് യൂണിയന്‍ ഭാരവാഹിയായ രാധാരവിയില്‍ നിന്നും നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ ഒരുങ്ങിയ യൂണിയനിലെ മറ്റു അംഗങ്ങളെ ചിന്മയി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ടു വിദേശ യാത്രയിലാണ് ചിന്മയി. ഇതിനിടയിലാണ് തന്നെ പുറത്താക്കി എന്ന വിവരം താന്‍ മനസ്സിലാക്കിയത് എന്ന് ചിന്മയി ട്വിറ്ററില്‍ പറയുന്നു. ഡബ്ബിങ് യൂണിയനിൽ നിന്നും പുറത്താക്കിയ സാഹചര്യത്തിൽ തനിക്ക് ഇനി തമിഴ് സിനിമകളിൽ ഡബ്ബ് ചെയ്യാൻ സാധിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് വർഷമായി സംഘടനയുടെ സബ്സ്ക്രിപ്ഷൻ ഫീസ് നൽകിയില്ലെന്ന് കാണിച്ചാണ് പുറത്താക്കിയിരിക്കുന്നത്.
എന്നാല്‍ സബ്സ്ക്രിപ്ഷൻ ഫീസ് നൽകിയില്ല എന്നത് തന്റെ ഡബ്ബിങ് വരുമാനത്തില്‍ നിന്നും പത്തു ശതമാനം ഈടാക്കുന്നതില്‍ നിന്നും സംഘടനയെ തടഞ്ഞില്ല എന്നും ചിന്മയി ഓര്‍മ്മപ്പെടുത്തി.
“തമിഴ് സിനിമാ വ്യവസായത്തിലെ ചട്ടമനുസരിച്ച് ഡബ്ബിങ് യൂണിയനില്‍ അംഗമല്ലാത്തതവരെ സിനിമയ്ക്ക് ശബ്ദം നല്‍കാന്‍ അനുവദിക്കില്ല. അംഗത്വത്തിൽ നിന്നും പുറത്താക്കുന്നത് വരെ മുൻകാലങ്ങളിലെ കുടിശ്ശിക സംബന്ധിച്ച് രേഖാമൂലമുളള അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ല എന്നുള്ള സാഹചര്യത്തില്‍ ഇനി എനിക്ക് ഒരു തമിഴ് സിനിമ ഡബ് ചെയ്യാൻ സാധിക്കുമോ എന്ന് സംശയമാണ്,” ചിന്മയി കുറിച്ചു.
ഇപ്പോള്‍ അമേരിക്കയിലെ ഗാനപരിപാടിയ്ക്കിടയിലാണ് താന്‍ എന്നും തന്നെ പുറത്താക്കിയ വിവരം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.
“ഈ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ തന്നെ എനിക്കറിയാം എന്റെ നേര്‍ക്ക് വരുന്ന ആദ്യത്തെ പ്രഹരം ഡബ്ബിങ് യൂണിയനില്‍ നിന്ന് തന്നെയാവും എന്ന്. എന്റെ അംഗത്വം തിരിച്ചു കിട്ടുമോ എന്ന് എനിക്കറിയില്ല. എന്നെ പുറത്താക്കി എന്ന തീരുമാനം ഉണ്ടാവുകയാണുണ്ടായത്, അതും എന്നെ അറിയിക്കാതെ”.
ഈ സാഹചര്യത്തില്‍ ’96’ തമിഴ് സിനിമയിലെ തന്റെ അവസാനത്തെ ചിത്രമാകും എന്നാണു തോന്നുന്നത് എന്ന് ചിന്മയി പറഞ്ഞു. “പുറത്താക്കല്‍ നടപടിക്ക് മാറ്റമില്ല എന്നാണെങ്കില്‍ നല്ലൊരു സിനിമയോട് കൂടി തമിഴിലെ ഡബ്ബിങ് രംഗം വിടാനാകുന്നു എന്നതും താന്‍ നല്ല കാര്യമായി തന്നെയാണ് കാണുന്നത് എന്നും ചിന്മയി വ്യക്തമാക്കി.
Read More: സത്യം എന്തെന്ന് കാലം പറയുമെന്ന് വൈരമുത്തു; ‘നുണയന്‍’ എന്ന് മറുപടി നല്‍കി ചിന്മയി
ഡബ്ബിങ് യൂണിയന്‍ ഈ വിഷയത്തില്‍ ഇതുവരെ ഔദ്ദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വരിസംഖ്യ കുടിശ്ശിക ഉള്ളതിനാലാണ് യൂണിയന്റെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും ചിന്മയിയെ വിലക്കിയത് എന്ന് രാധാരവി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.