ലോകത്തെ ആവേശം കൊള്ളിച്ച പോൺ താരം മിയ ഖലീഫ മലയാളത്തിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്‌ത ഹിറ്റ് ചിത്രം ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക. വാർത്ത ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു മാതൃഭൂമിയോട് സ്ഥിരീകരിച്ചിട്ടുണ്ട്.

വെറുതെ വന്നു പോകുന്ന വേഷത്തിലായിരിക്കില്ല മിയയെന്നും ക്യാരക്‌റ്റർ റോളിലായിരിക്കും താരമെത്തുകയെന്നും സംവിധായകൻ ഒമർ ലുലു പറയുന്നു. ചങ്ക്സ് 2: ദി കൺക്ലൂഷൻ എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഒരു ബോളിവുഡ് കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മിയ പ്രൊജക്‌ടിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും ഇനി അവസാനവട്ട ചർച്ചകൾ കൂടി ബാക്കിയുണ്ടെന്നും ഒമർ വ്യക്തമാക്കി.

ആദ്യഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷമാണ് ചങ്ക്സിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യഭാഗത്തിലെ നായിക ഹണി റോസ് തന്നെയാവും രണ്ടാം ഭാഗത്തിലും നായിക. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല.

ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഇതിന്റെ ഷൂട്ടിങ് ഡിസംബര്‍ 14ന് ആരംഭിക്കും. വിഷുവിനാണ് റിലീസ്. ഇതിനു ശേഷമാകും ചങ്ക്സ് 2ന്റെ ചിത്രീകരണം ആരംഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ