Porinju Mariyam Jose Malayalam Movie Review: നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ തിയേറ്ററുകളിലെത്തി. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ പൊറിഞ്ചു, മറിയം, ജോസ് എന്നീ സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

അറുപതുകളിൽ തുടങ്ങി 1985 കാലഘട്ടത്തിൽ അവസാനിക്കുന്ന കഥ നടക്കുന്നത് തൃശൂരിന്റെ പശ്ചാത്തലത്തിലാണ്. ആലപ്പാട്ട് വർഗീസ് എന്ന പ്രമാണിയുടെ മകൾ മറിയവും സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബപശ്ചാത്തലത്തിൽ നിന്നും വരുന്ന പൊറിഞ്ചുവും ജോസും തമ്മിലുള്ള സൗഹൃദം സ്കൂൾക്കാലത്ത് തുടങ്ങിയതാണ്. സൗഹൃദത്തിനപ്പുറം പൊറിഞ്ചുവിനും മറിയത്തിനും ഇടയിൽ പ്രണയത്തിന്റേതായ ഒരു അടുപ്പം കൂടിയുണ്ട്. പൊറിഞ്ചുവിനും മറിയയ്ക്കും ജോസിനുമൊപ്പം അവരുടെ സൗഹൃദവും വളരുകയാണ്.

സൗഹൃദം തുടരുമ്പോഴും മറിയവും പൊറിഞ്ചുവും തമ്മിലുള്ള പ്രണയം സാക്ഷാത്കരിക്കാതെ പോവുകയാണ്. അപ്രതീക്ഷിതമായി സംഭവിച്ച ചില കാര്യങ്ങൾ ഇരുവരും ഒന്നിക്കുന്നതിനു തടസ്സമാവുന്നു. മറിയത്തിനായുള്ള പൊറിഞ്ചുവിന്റെ കാത്തിരിപ്പിനും പൊറിഞ്ചുവും മറിയവും ഒന്നിക്കണമെന്ന ജോസിന്റെ കാത്തിരിപ്പിനുമിടയിൽ ഒരു പള്ളിപെരുന്നാൾ കാലത്ത് സംഭവിക്കുന്ന അപ്രതീക്ഷിതമായ ചില കശപിശകളും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമൊക്കെയാണ് ‘പൊറിഞ്ചു മറിയം ജോസി’നെ സംഭവബഹുലമാക്കുന്നത്.

പ്രണയത്തിലുപരി, സൗഹൃദത്തിന്റെ ആഘോഷമാണ് ‘പൊറിഞ്ചു മറിയം ജോസി’ൽ കാണാനാവുക. പൊറിഞ്ചു (ജോജു ജോർജ്), ജോസ് (ചെമ്പൻ വിനോദ്), മറിയം (നൈല ഉഷ) എന്നിവരെ കേന്ദ്രീകരിച്ചാണ് കഥയുടെ മുന്നോട്ടു പോക്ക്. ചെമ്പനും ജോജുവും തമ്മിലാണ് അഭിനയത്തിൽ മത്സരം. ഒന്നിന്നൊന്നു മികച്ചു നിൽക്കുന്ന പ്രകടനമാണ് ഇരുവരും കാഴ്ച വയ്ക്കുന്നത്. ജോജോയുടെ കാട്ടാളൻ പൊറിഞ്ചു മാസ്സിന്റെ ആൾരൂപമാണെങ്കിൽ ശരീരഭാഷ കൊണ്ടും തമാശകൾ കൊണ്ടും സ്ക്രീനിൽ ചിരിയുണർത്തുന്ന സാമിപ്യമാണ് ചെമ്പൻ വിനോദിന്റെ ജോസ്. ഡിസ്കോ ചുവടുകളുമൊക്കെയായി ജോസിന്റെ ഭാഷയിൽ പറഞ്ഞാൽ ചെമ്പൻ അങ്ങ് ‘ചിതറുകയാണ്’ ചിത്രത്തിലുടനീളം.

നൈല അവതരിപ്പിക്കുന്ന മറിയ എന്ന കഥാപാത്രം തന്റേടമുള്ള, ആത്മാഭിമാനമുള്ള പെണ്ണാണ്. എന്നാൽ പൊറിഞ്ചുവിന്റെ പ്രണയം സ്വീകരിക്കാതിരിക്കാനുള്ള മറിയയുടെ കാരണമൊക്കെ ദുർബലമായി തോന്നി. പ്രത്യേകിച്ചും, ആരെയും കൂസാത്ത, തനിച്ചു ജീവിക്കുന്ന, യാഥാർത്ഥ്യബോധമുള്ളൊരു പെണ്ണെന്ന ലേബലിൽ മറിയയെ പരിചയപ്പെടുത്തുമ്പോൾ, ആ കാരണങ്ങൾ കല്ലുകടിയാവുന്നുണ്ട്. കഥാപാത്രസൃഷ്ടിയിൽ ഏച്ചുക്കെട്ടലുകൾ അനുഭവപ്പെടുമെങ്കിലും ജോജുവിനും ചെമ്പനുമൊപ്പം തന്നെ പെർഫോമൻസിലൂടെ സ്ക്രീനിൽ തന്റെയിടം ഉറപ്പിക്കുന്നുണ്ട് നൈലയും.

ജോഷിയുടെ തന്നെ മുൻചിത്രങ്ങളായ ‘അവതാരം’, ‘ലൈല ഓ ലൈല’ തുടങ്ങിയ ചിത്രങ്ങളെ വെച്ചു നോക്കുമ്പോൾ ഭേദപ്പെട്ട ഒരു ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. കഥയും തിരക്കഥയും ശരാശരി മാത്രമായിരിക്കുമ്പോഴും അഭിനേതാക്കളുടെ പ്രകടനം ചിത്രത്തെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്. ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോജു, നൈല, ചെമ്പൻ എന്നിവർക്കൊപ്പം തന്നെ വിജയരാഘവൻ, സലിം കുമാർ, ടിജി രവി, സ്വാസിക, സുധി കോപ്പ, സരസ ബാലുശ്ശേരി, നന്ദു, മാലാ പാർവ്വതി, രാഹുൽ മാധവ് തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയം കാഴ്ച വയ്ക്കുന്നുണ്ട്.

ജോഷി എന്ന സംവിധായകന്റെ കരിയറിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്ന ഒന്നായിരിക്കില്ല, ‘പൊറിഞ്ചു മറിയം ജോസ്’. എന്നാൽ മാസും തമാശയും ആക്ഷനും ജോഷിയെന്ന അനുഭവപരിചയമേറെയുള്ള സംവിധായകന്റെ ക്രാഫ്റ്റും ചേരുമ്പോൾ ‘പൊറിഞ്ചു മറിയം ജോസ്’ രസകരമായൊരു തിയേറ്റർ അനുഭവമായി മാറുകയാണ്. മലയാള സിനിമയിൽ ഏറെ പരീക്ഷണചിത്രങ്ങളും പുത്തൻ ട്രെൻഡുകളും വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ, പ്രേക്ഷകർ ‘പൊറിഞ്ചു മറിയം ജോസി’നെ എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടു തന്നെ മനസ്സിലാക്കണം.

Read more: Porinju Mariyam Jose: ആരാണ് കാട്ടാളൻ പൊറിഞ്ചു മറിയം?: ജോജു പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook