പ്രശസ്ത റേഡിയോ ജോക്കിയായ രചന അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ബാംഗ്ലൂർ ജെപി നഗറിലെ വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രചനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രചനയുടെ അപ്രതീക്ഷിത മരണം കന്നഡ വിനോദ വ്യവസായത്തെ ഒന്നടക്കം ഞെട്ടിച്ചിരിക്കുകയാണ്. “നിങ്ങളെ സ്‌നേഹപൂർവ്വം സ്മരിക്കും. കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി!,” എന്നാണ് നടൻ രക്ഷിത് ഷെട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്.
റേഡിയോയിലൂടെയാണ് രചന ശ്രദ്ധേയയായത്. 2013ൽ രക്ഷിത് ഷെട്ടിയെ നായകനാക്കി സിമ്പിൾ ആഗി ഒന്ദ് ലവ് സ്റ്റോറി എന്ന കന്നഡ സിനിമയിലും രചന പ്രത്യക്ഷപ്പെട്ടിരുന്നു.
“നിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ രചന. അവൾ ബെംഗളൂരുവിലെ ഏറ്റവും മികച്ച റേഡിയോ ജോക്കിയായിരുന്നു. ഈ ചെറുപ്രായത്തിൽ ഹൃദയാഘാതം… എന്താണ് സംഭവിക്കുന്നത്!,” രചനയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് ആർജെ പ്രദീപ് കുറിച്ചതിങ്ങനെ.
കഴിഞ്ഞ വർഷം, കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറും ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. അദ്ദേഹത്തിന് 46 വയസ്സായിരുന്നു പ്രായം.