ഏറെ നാളുകൾക്കു ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടിയും ഡിസൈനറും അവതാരകയുമായ പൂർണിമ ഇന്ദ്രജിത്ത്. റിലീസിനൊരുങ്ങുന്ന ‘വൈറസ്’, ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ‘തുറമുഖം’ എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിൽ സജീവമാകുകയാണ് പൂർണിമ. രണ്ടു ചിത്രങ്ങളിലും പൂർണിമയ്ക്ക് ഒപ്പം ഇന്ദ്രജിത്തും അഭിനയിക്കുന്നു എന്നതാണ് മറ്റൊരു കൗതുകം.
എന്നാൽ, ‘വൈറസി’ൽ പൂർണിമയ്ക്കൊപ്പം അഭിനയിക്കാൻ ഒരു ഷോട്ടുപോലും ആഷിഖ് തന്നില്ലെന്നാണ് ഇന്ദ്രജിത്തിന്റെ പരാതി. ഖത്തറിൽ റേഡിയോ സുനോയുടെ ആഭിമുഖ്യത്തിൽ നടന്ന ‘വൈറസി’ന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു ഇന്ദ്രജിത്തിന്റെ തമാശരൂപേണയുള്ള പരാതി. ഇന്ദ്രജിത്തിനൊപ്പം ആഷിഖ് അബു, റിമ കലിങ്കൽ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരുമുണ്ടായിരുന്നു.
” നീണ്ട ഒരിടവേളയ്ക്ക് ശേഷം ഭർത്താവിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നു. നിങ്ങളെ ഇന്നെ വരെ ഒന്നിച്ച് സ്ക്രീനിൽ കണ്ടില്ല. ഈ സിനിമയിൽ എങ്കിലും നിങ്ങളെ ഒരുമിച്ച് കാണാനാവുമോ,” എന്ന പൂർണിമയോടുള്ള അവതാരകന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്തിന്റെ രസകരമായ പ്രതികരണം.
” ആ ഒരു വിഷമം മാത്രമേയുള്ളൂ. ഈ സിനിമയിൽ ആഷിഖ് എനിക്ക് ഒരു ഷോട്ടുപോലും പൂർണിമയുടെ കൂടെ തന്നില്ല. ഒരു സീനിൽ പോലും ഞങ്ങളൊരുമിച്ചില്ല.
ഇതിനു പുറമെ ‘തുറമുഖം’ എന്ന രാജീവ് രവി ചിത്രത്തിലും ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിലും ഒരു കോമ്പിനേഷൻ സീൻ പോലുമില്ല,” ഇന്ദ്രജിത്ത് പറഞ്ഞു.
ഇന്ദ്രജിത്തിന്റെ വാക്കുകൾ കേട്ട് ചിരിയോടെ ഇരിക്കുന്ന ആഷിഖ് അബുവിനോട്, ‘ആഷിഖ് അത്ര ക്രൂരനാണോ?’ എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. ‘ഞാനത് മനപൂർവ്വം ചെയ്തതാണ്,’ എന്ന ആഷിഖിന്റെ മറുപടി വേദിയിലും സദസ്സിലുമെല്ലാം ചിരിയുണർത്തി.
ചിത്രത്തിൽ ഡിഎച്ച്എസിന്റെ വേഷത്തിലാണ് പൂര്‍ണിമ എത്തുന്നത്. “റിയൽ ലൈഫ് ഹീറോകൾക്കുള്ള ഒരു ആദരവായിട്ടാണ് ഞാൻ ‘വൈറസ് എന്ന ചിത്രത്തെ കാണുന്നത്. കഥാപാത്രത്തെ കുറിച്ചൊന്നും കൂടുതൽ വെളിപ്പെടുത്താൻ ഇപ്പോൾ കഴിയില്ല. ജീവിതത്തിലെ വലിയൊരു ദുരന്തത്തെ മനസ്ഥൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേരിട്ട, ധീരരായ, ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിക്കുന്ന ഒറു പറ്റം മനുഷ്യർ – അവരിലൊരാളെ സ്ക്രീനിൽ അവതരിപ്പിക്കാൻ സാധിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്,” ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് പൂർണിമ പറഞ്ഞു.
Read more: സിനിമ മാറിയിട്ടുണ്ട്, മനോഹരമായി: അഭിനയത്തിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
ആഷിഖ്, രാജീവ് രവി, ഇന്ദ്രജിത്ത്, റിമ എന്നു തുടങ്ങി നല്ല സുഹൃത്തുക്കളുള്ള വളരെ കംഫർട്ടബിൾ ആയൊരു സെറ്റ് ആയിരുന്നിട്ടു കൂടി ഷൂട്ടിംഗ് സമയത്ത് ആശങ്കയും വെപ്രാളവുമൊക്കെ കൂടിചേർന്ന ഒരനുഭവമാണ് ‘വൈറസ്’ സമ്മാനിച്ചതെന്നാണ് പൂർണിമ പറയുന്നത്. “ചിത്രത്തിൽ ചെറിയ റോൾ ആണെങ്കിലും തിരിച്ചുവരവ് എന്ന വാക്ക് വലിയ ഭാരമേറിയതാണെന്നും,” പൂർണിമ പറയുന്നു.
ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ യൂട്യൂബിലും റിലീസ് ചെയ്തിരുന്നു. നിപ്പാകാലത്ത് കേരളം കടന്നു പോയ ഭീതിയും മാനസിക സംഘര്‍ഷവുമെല്ലാം പ്രകടമാകുന്ന ‘വൈറസി’ന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിലും വൈറലായി കൊണ്ടിരിക്കുകയാണ്.
നിപ്പാ വൈറസിനെ കേരളം മാതൃകാപരമായി പ്രതിരോധിച്ചതിന്റെ കഥയാണ് ‘വൈറസ്’ എന്ന ചിത്രത്തിലൂടെ ആഷിക് അബു പറയുന്നത്. രേവതി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, പൂർണിമ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, പാര്‍വതി, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പൻ വിനോദ്, സാവിത്രി ശ്രീധരൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ‘വൈറസി’ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രാജീവ് രവിയാണ് സിനിമോട്ടോഗ്രാഫർ. ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. സുഷിന് ശ്യാം സംഗീതവും സൈജു ശ്രീധരന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്.