വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഏതു പൊതുപരിപാടിയിലും എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിലാണ് പൂർണിമ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഈ പൂർണിമ ഇന്ദ്രജിത്തിനും ഒരുപാട് വർഷം മുൻപേ മറ്റൊരാളുണ്ടായിരുന്നു, പൂർണിമ മോഹൻ. തന്റെ ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് ആ ഓർമകളെ പൊടിതട്ടിയെടുക്കുകയാണ് പൂർണിമ.

വർഷങ്ങൾക്കു മുമ്പുള്ള ഒരു ചിത്രമാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ‘പൂർണിമ മോഹൻ, പത്ത് സി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികളുൾപ്പെടെ നിരവധി പേരാണ് പൂർണിമയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മിക്കവരും പറയുന്നത് പഴയ പൂർണിമയെ കാണാൻ ഇളയമകൾ നക്ഷത്രയെ പോലുണ്ട് എന്നാണ്.

എറണാകുളം ഭാരതീയ വിദ്യാഭവൻ, സെന്റ് തെരേസാസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പൂർണിമയുടെ വിദ്യാഭ്യാസം. ടെലിവിഷൻ, ടോക്ക് ഷോ അവതാരകയിൽ നിന്നാണ് പൂർണിമ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ദിലീപിനൊപ്പമുള്ള വർണ്ണക്കാഴ്ചകളാണ് ആദ്യം അഭിനയിച്ച ചിത്രം. മേഘമൽഹാർ എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

Read More: പൂർണിമ ഇന്ദ്രജിത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം

ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിന് നാച്ചുറൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അടുത്തിടെയാണ് മികച്ച ബിസിനസ് സംരംഭകയ്ക്കുളള പുരസ്‌കാരം പൂര്‍ണിമ ഇന്ദ്രജിത്തിന് ലഭിച്ചത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook