വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയനടിയാണ് പൂർണിമ ഇന്ദ്രജിത്ത്. നടിയെന്ന രീതിയിലും ഫാഷൻ ഡിസൈനർ എന്ന രീതിയിലുമെല്ലാം ഏറെ ആരാധകരും പൂർണിമയ്ക്കുണ്ട്. പൂർണിമയെ മാത്രമല്ല, പൂർണിമ- ഇന്ദ്രജിത്ത് താരജോഡിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ, 20 വർഷം പഴക്കമുള്ളൊരു ഓർമച്ചിത്രം പങ്കുവയ്ക്കുകയാണ് പൂർണിമ. ‘രണ്ടാംഭാവം’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു മാഗസിനിൽ അടിച്ചുവന്ന കവർചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

“നോക്കൂ, ഞാനെന്താണ് കണ്ടെത്തിയത് എന്ന്. എന്റെ രണ്ടാമത്തെ ചിത്രമായ ‘രണ്ടാംഭാവ’ത്തിന്റെ ഷൂട്ടിങ്ങിനിടെ 2000ൽ എടുത്ത ചിത്രം. ചില ചിത്രങ്ങൾ നിങ്ങളെ ഒരു കൊടുങ്കാറ്റ് പോലെ ബാധിക്കുന്നു, ആ കാലത്തിലേക്കും ചിന്തകളിലേക്കും വികാരങ്ങളിലേക്കും നിങ്ങളിലേക്ക് തന്നെയും തിരികെ കൊണ്ടുപോവുന്നു.”

“ജീവിതം നിങ്ങളെ എല്ലാം പഠിപ്പിക്കുന്നു! ഈ യാത്രയിലുടനീളം നിങ്ങൾക്ക് എന്തുതോന്നുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പാഠം. നിങ്ങൾക്ക് എന്തു തോന്നി എന്നതുമാത്രമാണ് ഓർമ്മിക്കപ്പെടുക, അല്ലാതെ ആളുകളോ, സാഹചര്യമോ ചുറ്റുപാടോ അല്ല. അതുകൊണ്ടാണ് നമ്മൾ നമ്മുടെ വികാരങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാകുന്നത്, അതിലൂടെ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അവിസ്മരണീയമാക്കാം,” ചിത്രം പങ്കുവച്ചുകൊണ്ട് പൂർണിമ കുറിക്കുന്നതിങ്ങനെ.

സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘രണ്ടാംഭാവം’. പൂർണിമയും ലെനയുമായിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോൻ, തിലകൻ തുടങ്ങിയവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജൻ പ്രമോദ് ആയിരുന്നു.

Read more: എന്റെ പ്രിയപ്പെട്ട കിളിക്കുഞ്ഞേ; താരപുത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി പൂർണിമ

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook