മലയാള സിനിമയിലെ പ്രിയപ്പെട്ട താരജോഡികളിൽ എന്നും മുന്നിലാണ് പൂർണിമയും ഇന്ദ്രജിത്തും. പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ കുടുംബത്തെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇളയ മകൾ നച്ചു എന്നു വിളിക്കുന്ന നക്ഷത്രയുടെ ഒരു പുസ്തകമാണ് ഇപ്പോൾ പൂർണിമ പങ്കു വച്ചിരിക്കുന്നത്.

പുസ്തകത്തിൽ തന്റെ ജീവിതത്തിലെ ഓരോ കാര്യത്തിനും നന്ദി പറയുകയാണ് നക്ഷത്ര. തന്റെ അറിവുകൾക്ക്, കുടുംബത്തിന്, തന്റെ തെറ്റുകൾ തിരുത്തുന്ന മനസിന്റെ ഒരു ഭാഗത്തിന് എല്ലാത്തിനും പ്രാർഥന നന്ദി പറയുന്നു.

മകളുടെ കടപ്പാടുകളുടെ ഈ പട്ടിക തന്റെ ഏറ്റവും വലിയ സമ്മാനമാണെന്ന് പറയുന്ന പൂർണിമ, തന്നോട് എല്ലാക്കാലത്തും ദയ കാണിച്ചിട്ടുള്ള​ ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നുണ്ട്.

അടുത്തിടെ പ്രാർത്ഥന പാട്ടുപാടുന്ന ഒരു വീഡിയോയും പൂർണിമ പങ്കുവച്ചിരുന്നു. അഞ്ചു വർഷം മുൻപുള്ള വീഡിയോയിൽ, ‘പ്രേമ’ത്തിലെ മലരേ എന്നു തുടങ്ങുന്ന പാട്ട് ആസ്വദിച്ച് പാടുകയാണ് നക്ഷത്രക്കുട്ടി. വരികൾ പലയിടത്തും തെറ്റിപ്പോവുന്നുണ്ടെങ്കിലും ഈണത്തിൽ ലയിച്ചു പാടുകയാണ് നക്ഷത്ര.

കഴിഞ്ഞ വിവാഹവാർഷിക ദിനത്തിൽ ഇന്ദ്രജിത്തുമായുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും വിശേഷങ്ങളും പൂർണിമ പങ്കുവച്ചിരുന്നു.

“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ​ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ,” എന്നായിരുന്നു പൂർണിമ കുറിച്ചത്.

Read More: ‘പൂർണിമ മോഹൻ, പത്ത് സി’; അല്ല, ഇത് നക്ഷത്രയാണെന്ന് അഹാന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook