മലയാള സിനിമയിൽ പ്രിയപ്പെട്ട താരജോഡികളിൽ എന്നും മുന്നിലാണ് പൂർണിമയും ഇന്ദ്രജിത്തും. പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ കുടുംബത്തെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് കളറിലുള്ള ഏതാനും കുടുംബ ചിത്രങ്ങളാണ് ഇപ്പോൾ പൂർണിമ പങ്കുവച്ചിരിക്കുന്നത്.
തന്റെയും കുടുംബത്തിന്റെയും ഓണാഘോഷചിത്രങ്ങളും പൂർണിമ പങ്കുവച്ചിരുന്നു.
Read More: ഇതെന്റെ സ്നേഹക്കൂട്; കുടുംബ ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത്
കഴിഞ്ഞ വിവാഹവാർഷിക ദിനത്തിൽ ഇന്ദ്രജിത്തുമായുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും വിശേഷങ്ങളും പൂർണിമ പങ്കുവച്ചിരുന്നു.
“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ,” എന്നായിരുന്നു പൂർണിമ കുറിച്ചത്.
വിവാഹത്തിന് ശേഷം 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് പൂർണിമ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലായിരുന്നു പൂർണിമ അഭിനയിച്ചത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും ഉണ്ടായിരുന്നു.
രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിലും പൂർണിമ അഭിനയിക്കുന്നുണ്ട്. വൈറസിലേത് പോലെ ഇത്തവണയും കൂട്ടിന് ഇന്ദ്രജിത്തുണ്ട്. പക്ഷെ രണ്ടു ചിത്രത്തിലും ഇരുവർക്കും കോമ്പിനേഷൻ രംഗങ്ങൾ ഒന്നുമില്ല.