മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് തന്നെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കുറി പ്രണയത്തോടെ ഇന്ദ്രജിത്തിന് മേൽ ചാഞ്ഞ് കിടന്ന് ഇരുവരും കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്ന ഒരു ചിത്രമാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ചിത്രമല്ല, അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ഇവിടെ ഹൈലേറ്റ്. ‘ജാഡയാണോ മോനൂസേ’ എന്നാണ് ചിത്രത്തിന് പൂർണിമ നൽകിയ ക്യാപ്ഷൻ.
ജീവിതം എല്ലാത്തരത്തിലും ആഘോഷിക്കുന്ന ദമ്പതികളാണ് ഇവർ. കഴിഞ്ഞ വിവാഹ വാർഷി ദിനത്തിൽ തങ്ങളുടെ തകർപ്പൻ ഡാൻസായിരുന്നു പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്. ഒരുകാലത്തെ ഹിറ്റ് ഗാനമായ ‘ഒരു മധുരക്കിനാവിൻ,’ എന്ന പാട്ടിനായിരുന്നു അന്ന് പൂർണിമയും ഇന്ദ്രജിത്തും ചുവടു വച്ചത്.

അതിന് മുൻപത്തെ വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു ഓർമ്മക്കുറിപ്പായിരുന്നു പൂർണിമ പങ്കുവച്ചിരുന്നത്. തങ്ങളുടെ പ്രണയനാളുകളെ കുറിച്ചായിരുന്നു അന്ന് പൂർണിമ എഴുതിയത്.
“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്.ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ,” എന്നായിരുന്നു പൂർണിമയുടെ വാക്കുകൾ.