സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സ്നേഹബന്ധം പുലർത്തുന്നവരാണ് പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും. തങ്ങളുടെ സൗഹൃദ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവയ്ക്കാറുമുണ്ട്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും നല്ല സൗഹൃദത്തിലാണ്.

പൂർണിമ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച താരപുത്രിമാരുടെ ഫൊട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്റെ മകൾ നക്ഷത്ര ഇന്ദ്രജിത്തിന്റെയും ഗീതുവിന്റെ മകൾ ആരാധന രാജീവിന്റെയും ചിത്രമാണ് പൂർണിമ പോസ്റ്റ് ചെയ്തത്. ‘എന്റെ കുരുവികൾ’ എന്നായിരുന്നു ഫൊട്ടോയ്ക്ക് പൂർണിമ നൽകിയ അടിക്കുറിപ്പ്. ആരാധനയെ സ്നേഹത്തോടെ തലോടുന്ന നക്ഷത്രയെയാണ് ഫൊട്ടോയിൽ കാണാനാവുക.

ഫൊട്ടോയ്ക്ക് ജോജു ജോർജ് അടക്കമുളളവർ കമന്റ് ചെയ്തിട്ടുണ്ട്. ഫൊട്ടോയിലെ ആരാധനയെ കണ്ടിട്ട് ‘ഒന്ന് മുതൽ പൂജ്യം വരെ’ ഓർമ വന്നു പോയെന്നായിരുന്നു ഒരു കമന്റ്. ഗീതു മോഹൻദാസ് ബാലതാരമായി അഭിനയിച്ച ചിത്രമായിരുന്നു ഒന്നു മുതൽ പൂജ്യം വരെ. ചിത്രത്തിലെ ദീപ മോൾ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ഗീതു സ്വന്തമാക്കിയിരുന്നു.

Read Also: കൂട്ടുകാരി, നമ്മള്‍ കോര്‍ത്ത കൈയഴിയാതെ; സ്നേഹത്തോടെ ഗീതുവും പൂർണിമയും

പൂർണിമയുടെ മക്കളായ പ്രാർഥനയും നക്ഷത്രയും സോഷ്യൽ മീഡിയയുടെ പരിചിത മുഖങ്ങളാണ്. അടുത്തിടെ പൂർണിമ നക്ഷത്രയുടെ ഫൊട്ടോ ഷെയർ ചെയ്തിരുന്നു. ചെറുപ്പത്തിലെ പൂർണിമയുടെ അതേ മുഖച്ഛായയെന്നാണ് പലരും ഫൊട്ടോയ്ക്ക് കമന്റ് ചെയ്തത്.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അടുത്തിടെയാണ് മികച്ച ബിസിനസ് സംരംഭകയ്ക്കുളള പുരസ്‌കാരം പൂര്‍ണിമ ഇന്ദ്രജിത്തിന് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook