അഭിനേത്രി എന്നതിന് പുറമെ ഫാഷൻ ഡിസൈനർ എന്ന നിലയിൽ കൂടി ശ്രദ്ധ നേടിയ വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇപ്പോൾ മറ്റൊരു മേഖലയിലും ഒരു പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് പൂർണിമ.
കുട്ടികാലത്ത് ഉപേക്ഷിച്ച നൃത്തത്തിലേക്ക് മടങ്ങുകയാണ് പൂർണിമ. ഒപ്പം സഹോദരി പ്രിയ മോഹനുമുണ്ട്. വിജയദശമി ദിനത്തിൽ നൃത്തത്തിൽ വിദ്യരംഭം കുറിച്ചതിന്റെ വീഡിയോ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.
“അങ്ങനെ അതും സംഭവിച്ചു, വർഷങ്ങൾക്ക് ശേഷം ഞാനും ചേച്ചിയും ഒരുമിച്ചു നൃത്തം ചെയ്യുന്നു” എന്ന് കുറിച്ചുകൊണ്ടാണ് പ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
“ഈ വിജയദശമി എനിക്ക് ഒരു സുപ്രധാന ദിവസമാണ്! ഒടുവിൽ എന്റെ എല്ലാ പിന്നോട്ടടികളും/ ഒഴികഴിവുകളും മാറ്റിവെച്ച് ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന എന്തെങ്കിലും ചെയ്യാൻ എന്നെത്തന്നെ പ്രേരിപ്പിക്കുന്നു. എല്ലാം ആരംഭിച്ചിടത്ത് നിന്ന് എന്റെ വേരുകളിലേക്ക് മടങ്ങുന്നു!” പൂർണിമ കുറിച്ചു.
“എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പുതുക്കി എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടും കണ്ടെത്തുന്നു. ഇന്ന് ഞാൻ എന്റെ ജീവിതത്തിലേക്ക് താളം തിരികെ കൊണ്ടുവരുന്നു! ഇന്ന്, ഞാൻ നൃത്തത്തിലേക്ക് മടങ്ങുകയാണ് … എന്റെ സന്തോഷകരമായ ഇടം. ഞാൻ ആവേശഭരിതയാണ്! എന്നാൽ ഏറ്റവും സന്തുഷ്ടൻ ആരാണെന്ന് ഊഹിക്കുക … എന്റെ സ്ഥിരം ഇന്ദ്രജിത്ത്. ഈ സന്തോഷത്തിനായി എന്റെ ഹൃദയവും കാലുകളും തയ്യാറാണ്. എനിക്ക് ആശംസകൾ നേരുന്നു!” പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തി കൂടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.
Also Read: എന്നെ കൊണ്ട് പറ്റില്ലായേ… പ്രാർത്ഥനയുടെ ഡാൻസിനു മുന്നിൽ സുല്ലിട്ട് പൂർണിമ; വീഡിയോ