സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഇരുവരും കുടുംബത്തിനൊപ്പം നടത്തിയ ഒരു അവധിക്കാലയാത്രയുടെ വീഡിയോ​ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. സഹോദരി പ്രിയയുടെ കുടുംബവും പൂർണിമയ്ക്കും ഇന്ദ്രജിത്തുമൊപ്പമുണ്ട് വീഡിയോയിൽ. മഞ്ഞുമൂടിയ മലനിരകളിലേക്ക് ട്രക്കിംഗ് നടത്തുകയാണ് ഈ ആറംഗ സംഘം. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെ പോളണ്ട് യാത്ര.

പ്രിയയുടെ ഭർത്താവ് നടൻ നിഹാൽ പിള്ളയാണ് വ്ലോഗിലൂടെ യാത്രാനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രമായ ‘മെമ്മറീസ്’ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് നിഹാല്‍. ചേച്ചിയുടെ വഴിയെ അഭിനയത്തിലെത്തിയ പ്രിയ വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തത്.

ലോക്ക്ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ സജീവയാണ് പൂർണിമ ഇന്ദ്രജിത്. വീട്ടു വിശേഷങ്ങളും മറ്റും പൂർണിമ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

പ്രണയിച്ചു വിവാഹം കഴിച്ചവരാണ് പൂർണിമയും ഇന്ദ്രജിത്തും. വിവാഹത്തിന് ശേഷം 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് പൂർണിമ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലായിരുന്നു പൂർണിമ അഭിനയിച്ചത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും ഉണ്ടായിരുന്നു.

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിലും പൂർണിമ അഭിനയിക്കുന്നുണ്ട്. ‘വൈറസി’ലേത് പോലെ ഇത്തവണയും കൂട്ടിന് ഇന്ദ്രജിത്തുണ്ട്. പക്ഷെ രണ്ടു ചിത്രത്തിലും ഇരുവർക്കും കോമ്പിനേഷൻ രംഗങ്ങൾ ഒന്നുമില്ല.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അടുത്തിടെയാണ് മികച്ച ബിസിനസ് സംരംഭകയ്ക്കുളള പുരസ്‌കാരം പൂര്‍ണിമ ഇന്ദ്രജിത്തിന് ലഭിച്ചത്.

Read more: എനിക്ക് 21 അവന് 20, ഞാനൊരു നടിയും അവനൊരു വിദ്യാർഥിയും; പൂർണിമ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook